ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജില്ല സമ്പൂര്‍ണ സജ്ജം – ജില്ലാ കളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം ജില്ല സമ്പൂര്‍ണ സജ്ജമായതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയായി. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ 97 വള്‍ണറബിള്‍ ബൂത്തുകളും 738 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ട്. ഇവിടത്തെ 132 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങും 129 മേഖലകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചതായി കളക്ടര്‍ അറിയിച്ചു. എല്ലായിടത്തും സമാധാനപരമായ അന്തരീക്ഷത്തില്‍ പോളിംഗ് നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായും കളക്ടര്‍ പറഞ്ഞു.

തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത വോട്ടര്‍മാര്‍ക്ക് പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖകള്‍, ആധാര്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്‍കിയിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സമാര്‍ട്ട് കാര്‍ഡ്, എന്നിവയിലേതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താമെന്നും കളക്ടര്‍ പറഞ്ഞു. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടും വോട്ടേഴ്‌സ് സ്ലിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്യാവുന്നതാണ്.

ഭിന്നശേഷിക്കാരായ 2600 പേര്‍ക്ക് പോളിംഗ് സ്റ്റേഷനിലെത്താന്‍ വാഹനസൗകര്യം എര്‍പ്പെടുത്തിയതായും വോട്ടവകാശമുള്ള എല്ലാവരും അഭിമാനപൂര്‍വം അത് വിനിയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.