യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ 7 വർഷങ്ങൾക്കു ശേഷം പോലിസ് പിടിയിൽ

വർക്കല: ഉത്സവം കണ്ട് മടങ്ങിയ യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ 7 വർഷങ്ങൾക്കു ശേഷം വർക്കല പോലിസ് പിടിയിൽ. 01.04.2012 രാത്രി 12 മണിക്ക് വർക്കല അയിരൂർ സ്വദേശികളായ ഹരിദേവ്, സനീഷ് എന്നിവരെ സംഘം ചേർന്ന് വടിവാളും കമ്പിവടികളും ഉപയോഗിച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ രാജേഷ്, ഉണ്ണി എന്നിവരാണ് പിടിയിലായത്.

പരവൂർ പൂതക്കുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം കണ്ടു മടങ്ങുകയായിരുന്ന ഹരിദേവ്, സനീഷ് എന്നിവരെ ഊന്നിൻമൂട് ഉഷ തീയറ്ററിന്റെ മുൻ വശത്തു വച്ചാണ് സംഭവം നടന്നത്. കൊല്ലം ഊന്നിൻമൂട് സ്വദേശികളായ രാജേഷും ഉണ്ണിയും കണ്ടാലറിയാവുന്ന 15 ഓളം അടങ്ങിയ സംഘവും ചേർന്ന് വാളുകൊണ്ട് വെട്ടിയും അടിച്ചും രണ്ടു പേരേയും ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം റോഡിൽ നിന്നും വലിച്ചിഴച്ച് സമീപത്തെ പുരയിടത്തിൽ കൊണ്ട് പോയി തെങ്ങിൽ കെട്ടിയിടുകയും, മർദ്ധിച്ച് അവശനാക്കുകയും ചെയ്തു.

പരവൂർ പോലീസും വർക്കല പോലീസും സംയുക്തമായി സംഭവസ്ഥലത്തെത്തിയാണ് മർദ്ധനമേറ്റ ഹരി ദേവിനേയും സനീഷിനേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ഗുരുതരമായി പരിക്കേറ്റ സനീഷിനെ അനന്തപുരി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. സനീഷിന്റെ മുഖത്തും നെഞ്ചിലും തലയോട്ടിക്കും നിരവധി പൊട്ടലുകളും മുറിവുകളും ഉണ്ടായിരുന്നു. മർദ്ധനത്തിൽ സനീഷിന്റെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല ഒന്നര വർഷത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ദ ചികിത്സയിലൂടെ സനീഷിന്റെ സംസാരശേഷി തിരിച്ചു കിട്ടി.

2012 ൽ ഈ കേസ് പരവൂർ പോലീസ് രജിസ്റ്റർ ചെയ്തതും തുടർന്ന് സംഭവ സ്ഥലം വർക്കല ആയതിനാൽ വർക്കല പോലീസിന് അന്വേഷണം കൈമാറുകയായിരുന്നു. ആ സ്ഥലത്ത് അന്ന് സംഘർഷം മൂലം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കുറ്റകൃത്യത്തിൽ 20 ഓളം പേർ പങ്കെടുത്തിരുന്നെങ്കിലും പ്രധാന പ്രതികളായ ഉണ്ണിയേയും രാജേഷിനെയും മാത്രമെ പരിക്കേറ്റവർക്ക് തിരിച്ചറിയാൻ കഴിഞ്ഞിള്ളൂ.

സംഭവ ശേഷം 2 വർഷം കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതികൾ പോലീസ് അന്വേഷിക്കുന്നില്ല എന്ന് അറിഞ്ഞ് നാട്ടിൽ തിരിച്ച് എത്തുകയായിരുന്നു. വർക്കല പോലീസ് നിലവിൽ അന്വേഷിച്ച് വരുന്ന കേസ്സുകളിൽ പ്രതികളെ പിടികിട്ടാനുള്ളതിൽ ഏറ്റവും പഴക്കം ചെന്ന കേസ്സായതിനാൽ മേൽപ്പടി പ്രതികളെ കുറിച്ച് അന്വേഷണത്തിൽ പരവൂർ, നെല്ലെറ്റിൽ, പുതുക്കുളം എന്നിവിടങ്ങളിൽ ഉണ്ടെന്നുള്ള വിശ്വാസയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല പോലിസ് ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു