അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞു, ഒരു വികലാംഗ മുച്ചക്ര വാഹനത്തിന് കാത്തിരിക്കുന്നു

വർക്കല :അപേക്ഷ നൽകി ആറ് വർഷം പിന്നിട്ടിട്ടും നിർദ്ധനയും വികലാംഗയുമായ വീട്ടമ്മയ്ക്ക് സൗജന്യ മുച്ചക്ര വാഹനം അനുവദിച്ച് നൽകിയില്ലെന്ന് പരാതി. ശിവഗിരിക്ക് സമീപം കൈതകോണം വലിയവിള വീട്ടിൽ അജിത (39) യ്ക്കാണ് ഈ അവസ്ഥ. അമ്മയും ഭർത്താവും മരിച്ച അജിത രണ്ടു മക്കൾക്കെപ്പം അവിവാഹിതയായ ചേച്ചിയുടെ ഒറ്റമുറി കൂരയിലാണ് താമസിക്കുന്നത് ഒരു സ്ഥിരവരുമാനം പ്രതീക്ഷിച്ചു സഹായം തേടിയാണ് നഗരസഭയിൽ അപേക്ഷകൾ നൽകിയത്. ആദ്യം മുനിസിപ്പാലിറ്റി വക ബങ്കിന് അപേക്ഷ നൽകിയിട്ടും പരിഗണിച്ചില്ല. പിന്നീട് ലോട്ടറി കച്ചവടം മനസ്സിൽ കണ്ടു മുചക്ര വാഹനത്തിന് 2013ലാണ് ആദ്യം നഗരസഭയിൽ അപേക്ഷ നൽകിയത്. എന്നാൽ വർഷം 6 കഴിഞ്ഞിട്ടും അവരുടെ അപേക്ഷയിൽ മാത്രം തീരുമാനമായില്ല. ഒടുവിൽ വികലാംഗ കോർപറേഷൻ വഴി മറ്റെരാൾക്ക് അനുവദിച്ച വാഹനം ഉടമസ്ഥൻ മരിച്ചതിന്റെ പേരിൽ ഇവർക്ക് നൽകാമെന്ന് നഗരസഭ തീരുമാനിച്ചെങ്കിലും ഇതുവരയായിട്ടും അജിതക്ക് കൈമാറിയിട്ടില്ല. മരിച്ച ആളുടെ പേരിലുള്ള വാഹനം പുതിയ പേരിൽ മാറ്റിയെടുക്കുന്നതിനുള്ള കാലതാമസം മാത്രമാണ് പ്രശ്നമെന്നാണ് നഗരസഭാ ഉദ്ധ്യോഗസ്ഥൻ പറയുന്നത്. പാറശാലയിലെ ആർടിഒ ഓഫീസിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ഇവരുടെ ഭാഗത്തുള്ള മെല്ലേ പോക്കാണ് പ്രശ്ന കാരണമെന്നും പറയുന്നു. അതേ സമയം കുടുംബത്തിന് കൃത്യമായ വരുമാന ലഭ്യത ഇല്ലാത്തതിനാൽ മക്കളിൽ ഒരാൾ പ്ലസ് വണ്ണിന് പഠിക്കുകയും ഒഴിവു സമയത്ത് വർക് ഷോപ്പിൽ പോയി ജോലി ചെയ്യുകയും ചെയ്യുന്നു.അങ്ങനെ കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നതെന്ന് അജിത പറയുന്നു .