ജംഗ്ഷനിൽ ഡ്രെയിനേജ് മാലിന്യം വർഷങ്ങളായി ഒഴുകുന്നു, ജനങ്ങൾ പകർച്ചവ്യാധി ഭീതിയിൽ

പള്ളിച്ചൽ : ബാലരാമപുരം കൊടിനട ജംഗ്ഷനിൽ ഡ്രെയിനേജ് മാലിന്യം കെട്ടിനിൽക്കുന്നതിനെതിരെ വ്യാപകപരാതിയുമായി കച്ചവടക്കാരും നാട്ടുകാരും രംഗത്ത്. ബാലരാമപുരം,​ പള്ളിച്ചൽ പഞ്ചായത്തിലെ ഓഫീസ്,​ വടക്കേവിള വാർഡുകൾ ഉൾപ്പെടുന്ന രണ്ട് പഞ്ചായത്തുകളുടേയും അതിർത്തിപ്രദേശമാണ് കൊടിനട. ദിവസവും നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ഇതുവഴി കടന്നുപോകുന്നുണ്ട്. വിവിധ പാരലൽ കോളേജ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും സ്വകാര്യ ആശുപത്രികളിലേക്ക് ഒട്ടനവധി രോഗികൾ ദിനംപ്രതി കടന്നുപോകുന്ന പ്രധാന റോഡാണ് കൊടിനട. കൊടിനട ജംഗ്ഷനിലെ ഓടപൊട്ടി ഡ്രെയിനേജ് വെള്ളം റോഡുവഴി ഒഴുകാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമായിട്ടും നാട്ടുകാരുടെ പരാതിക്ക് ഇതുവരെയും ശാശ്വതപരിഹാരം അധികൃതർക്ക് ഇതേവരെ സാധിച്ചിട്ടില്ല. കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതൽ-കൊടിനട വരെ സ്ഥലം ഏറ്റെടുത്തിന് ശേഷം ഇതുവരെയും ഈ ഭാഗത്തെ ഓട വൃത്തിയാക്കലോ മെയിന്റെനൻസ് ജോലികളോ നടന്നിട്ടില്ല.

ഡ്രെയിനേജ് വെള്ളം റോഡിലൂടെ ഒഴുകി കൊടിയദുർഗന്ധം കാരണം ഇവിടെ ആർക്കും നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓട്ടോറിക്ഷകളും സമാന്തര സർവീസ് വാഹനങ്ങളും കൊടിനട ജംഗ്ഷനിലാണ് പാർക്ക് ചെയ്യുന്നത്. മാലിന്യപ്രതിസന്ധിയും ദുർഗന്ധവും കാരണം യാത്രക്കാർ കുറവാണെന്നാണ് ഓട്ടോത്തൊഴിലാളികളും സമാന്തരസർവ്വീസ് ഉടമകളും പറയുന്നത്. റോഡിന്റെ കുറകെ ഒഴുകുന്ന ഡ്രെയിനെജ് വെള്ളം വേഗത്തിൽ വരുന്ന വാഹനങ്ങൾ കാൽനട യാത്രക്കാരുടെയും സമീപത്തെ കടകളിലേക്കും തെറുപ്പിക്കുന്നതും പതിവാണ്.

രണ്ട് വർഷത്തോളമായി കൊടിനടജംഗ്ഷനിലെ മാലിന്യപ്രതിസന്ധി പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടേയും മരാമത്ത് അധികൃതരുടേയും ശ്രദ്ധയിൽപ്പെടുന്നുണ്ട്. ബന്ധപ്പെട്ടവർ ആരും തന്നെ മാലിന്യപ്രതിസന്ധിക്ക് പരിഹാരം കാണാൻ രംഗത്തെത്തിയിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ കൊടിനട ജംഗ്ഷൻ പകർച്ചവ്യാധി കേന്ദ്രമായിമാറും. അടുത്തിടെ ഓടയിൽകെട്ടിനിട്ട മലിനജലം സമീപത്ത് കുഴിയെടുത്ത് ഒഴുക്കിവിട്ടതല്ലാതെ മാലിന്യപ്രശ്നത്തിന് ഇതുവരെയും ശാശ്വതപരിഹാരമായിട്ടില്ല.