തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയതിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച്

ആറ്റിങ്ങൽ : ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം സിപിഎം തടസപ്പെടുത്തിയതിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. സിപിഎം പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ശോഭാസുരേന്ദ്രനും പ്രവർത്തകരും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇന്നലെ വർക്കലയിൽ വച്ചാണ് ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പര്യടനം സിപിഎം പ്രവർത്തക‍ർ തടഞ്ഞത്. ഇതേ തുടർന്ന് സിപഎം- ബിജെപി പ്രവർത്തകർ തമ്മിൽ സ്ഥലത്ത് നേരിയ സംഘർഷവുമുണ്ടായിരുന്നു. പ്രചാരണം തടസപ്പെടുത്തിയതിനെതിരെ ശോഭാ സുരേന്ദ്രൻ പൊലിസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പരാതിയിൽ പൊലീസ് നിഷ്ക്രിയമാണെന്ന് ആരോപിച്ചാണ് ഇന്ന്  ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയത്.

എന്നാൽ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുംഅന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആറ്റിങ്ങൽ ഡിവൈഎസ്പി അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് വനിതാ കമ്മീഷനും ശോഭാ സുരേന്ദ്രൻ പരാതി നൽകിയിട്ടുണ്ട്.