രണ്ടാംഘട്ട പോളിങ്ങിൽ പശ്ചിമബംഗാളിൽ വ്യാപക അക്രമം, സ്ഥാനാർഥിക്ക് നേരെ വെടിവെയ്പ്പ്

രണ്ടാംഘട്ട പോളിംഗ് അവസാനിച്ചപ്പോൾ ഉത്തരേന്ത്യയിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഇന്ന് മൂന്ന് സീറ്റുുകളിലേക്ക് തെര‌ഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. റായ്ഗഞ്ചിലെ സ്ഥാനാർത്ഥിയും സിപിഎം പിബി അംഗവുമായ മൊഹമ്മദ് സലീമിന്‍റെ വാഹനവ്യൂഹത്തിനെതിരെ ഒരു സംഘം വെടിയുതിർത്തു. വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

പശ്ചിമബംഗാളിലെ മൂന്നു മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോയത്. നോർത്ത് ദിനജ്‍പൂരിലെ ഇസ്ലാംപൂരിലാണ് സിപിഎം പിബി അംഗവും സ്ഥാനാർത്ഥിയുമായ മൊഹമ്മദ് സലീമിനു നേരെ ആക്രമണം നടന്നത്. വാഹനവ്യൂഹത്തിനു നേരെ ഒരു സംഘം വെടിയുതിർത്തു. വാഹനത്തിന്‍റെ ചില്ലുകൾ അക്രമത്തിൽ തകർന്നു. മൊഹമ്മദ് സലീമിനെ ഉടൻ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തൃണമൂൽ കോൺഗ്രസാണ് അക്രമത്തിനു പിന്നിലെ സലീമും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആരോപിച്ചു.

”ആക്രമണം നടന്ന സമയത്ത് ഇവിടെ കേന്ദ്രസേനയുണ്ടായിരുന്നില്ല. ഒരു സുരക്ഷയും സ്ഥാനാർത്ഥിക്ക് നൽകിയിരുന്നില്ല. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്.”‘, യെച്ചൂരി ആരോപിച്ചു.

ഇതേ സ്ഥലത്ത് വച്ച് തന്നെ, ബൈക്കിലെത്തിയ അക്രമി സംഘം വോട്ട് ചെയ്യാനനുവദിക്കുന്നില്ലെന്ന് കാണിച്ച് നാട്ടുകാരും പ്രതിഷേധിച്ചു. തുടർന്ന് അക്രമികൾക്ക് നേരെ കേന്ദ്രസേന കണ്ണീർവാതകം പ്രയോഗിച്ചു.

ജയ്‍പാൽഗുരിയിൽ ജനക്കൂട്ടം ഒരു വോട്ടിംഗ് യന്ത്രം തകർത്തു. സിലിഗുരിയിൽ ഒരു ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. മരത്തിൽ കെട്ടിതൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധിച്ചത് സംർഷാവസ്ഥയ്ക്കിടയാക്കി.

വോട്ടർമാരെ പോളിംഗ് ബൂത്തിലെത്താൻ അനുവദിച്ചില്ലെന്ന് ബിജെപി ആരോപിച്ചു. ആദ്യഘട്ടത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമബംഗാളിൽ പ്രത്യേക നിരീക്ഷകനെ നിയോഗിച്ചിരുന്നു. എന്നാൽ അകമ്രങ്ങൾ തുടരുന്നത് കമ്മീഷന് വലിയ വെല്ലുവിളിയാവുകയാണ്.