കിളിമാനൂർ ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശം ഇങ്ങനെ…

കിളിമാനൂർ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന്റെ സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശം കിളിമാനൂർ ജംഗ്ഷനിൽ ഉത്സവ പ്രതീതിയായി.ബാന്റ് മേളവും, ചെണ്ടമേളവും ഒക്കെയായി മൂന്ന് മുന്നണികളുടെയും നൂറുകണക്കിന് പ്രവർത്തകർ കിളിമാനൂർ ജംഗ്ഷനിൽ തടിച്ച് കൂടി.ഇരു ചക്രവാഹനങ്ങളിലും,ജീപ്പുകളിലും ടെമ്പോകളിലും ഒക്കെ കൊടി തോരണങ്ങളും അലങ്കാര ബൾബുകളും മൈക്ക് സെറ്റുകളും വച്ച് പാട്ടും കൂത്തുമൊക്കെ ആയിട്ടായിരുന്നു പ്രകടനം. വാഹനങ്ങൾ റോഡിൽ നിരത്തിയിട്ട പ്രകടനത്തിൽ ഗതാഗത നിയന്ത്രണത്തിന് പൊലിസ് നന്നേ പാടു പെടുന്നുണ്ടായിരുന്നു.കൊട്ടിക്കലാശം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഉൾപ്രദേശങ്ങളിലെ പ്രവർത്തകർ പ്രചരണം മതിയാക്കി പ്രധാന ജംഗ്ഷനുകളിൽ എത്തിയിരുന്നു.കിളിമാനൂർ, കാരേറ്റ്, മടവൂർ എന്നിവിടങ്ങളിലെ കൊട്ടിക്കലാശം കാണുവാനും പങ്കെടുക്കുവാനും നൂറുകണക്കിന് ആളുകൾ എത്തി.മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മൂന്നു മുന്നണികളും ശക്തമായ പ്രചരണമാണ് ഇത്തവണ നടത്തിയത്.