ഇവിടെ വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പതിവ് : നാട്ടുകാർ ദുരിതത്തിൽ.

ചിറയിൻകീഴ്: മുടപുരം, മുട്ടപ്പലം തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കാറ്റ് വീശുമ്പോഴും ഇടിവെട്ടിയാലോ മഴക്കാർ വന്നാലോ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവാണ്. പിന്നെ മണിക്കൂറുകൾ കഴിഞ്ഞാവും വൈദ്യുതി വരുന്നത്.

ഫീഡർ തകരാറ്, ട്രാൻസ്ഫോർമർ തകരാർ തുടങ്ങിയ പ്രശ്നങ്ങൾ അധികൃതർ പറയാറുണ്ടെങ്കിലും ഇവ അടിയന്തരമായി പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.വേനൽക്കാലമായതിനാൽ ശക്തമായ ചൂട് മൂലം ഫാൻ ഇല്ലാതെ ഉറങ്ങുവാൻ കഴിയാത്ത അവസ്ഥലയിലാണ് ജനങ്ങൾ.

അടിക്കടി വൈദ്യുതി തടസപ്പെടുന്നത് കച്ചവടക്കാർക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നു. റൈസ്, ഫ്‌ളവർ മില്ലുകൾ, തടി മില്ലുകൾ, ബേക്കറികൾ തുടങ്ങിയവക്കാണ് ഏറെ നഷ്ടം. മാത്രമല്ല ഫ്രിഡ്‌ജും മറ്റ് ഇലക്ട്രിക്ക് ഉപകരണങ്ങളും പ്രവർത്തിപ്പിക്കുവാൻ കഴിയാത്തതിനാൽ വീട്ടമ്മമാർക്ക് സമയത്ത് ആഹാരം പാചകം ചെയ്യാനും കഴിയുന്നില്ല. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ കെ.എസ്.ഇ.ബി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

33 കെ.വി.സബ്‌സ്റ്റേഷൻ സ്ഥാപിക്കണം,
ചിറയിൻകീഴ് സെക്‌ഷന്റെ പരിധിയിൽ സബ് സ്റ്റേഷൻ ഇല്ലാത്തതാണ് വൈദ്യുതി ക്ഷേമത്തിനും അടിക്കടിയുള്ള വൈദ്യുതി തടസത്തിനും കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ചിറയിൻകീഴ് താലൂക്ക് ആശുപത്രി ഉൾപ്പെടെ ആയിരക്കണക്കിന് സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളും 19000 -ൽ പരം ഉപഭോക്താക്കൾ ഈ സെക്ഷന് കീഴിലുണ്ട്. രണ്ട് മാസം മുൻപാണ് മുട്ടപ്പലം ചിറ്റാരിക്കോണം പ്രദേശങ്ങളിലെ ആയിരത്തോളം ഉപഭോക്താക്കളെ മംഗലപുരം സെക്‌ഷനിൽ നിന്ന് ചിറയിൻകീഴ് സെക്‌ഷനിൽ ഉൾപ്പെടുത്തിയത്.

ചിറയിൻകീഴ് സെക്‌ഷനിൽ സബ് സ്റ്റേഷൻ ഇല്ലാത്തതിനാൽ കടയ്ക്കാവൂർ, അവനനവഞ്ചേരി, ആറ്റിങ്ങൽ സെക്‌ഷനുകളിലുള്ള സബ് സ്റ്റേഷനുകളിൽ നിന്നാണ് ചിറയിൻകീഴിലേക്ക് വൈദ്യുതി എത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രി ആയിരുന്ന സമയത്ത് എല്ലാ സെക്‌ഷനുകൾക്ക് കീഴിലും 33 കെ.വി.സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വരെ ചിറയിൻകീഴിൽ സ്ഥാപിക്കപ്പെട്ടിട്ടില്ല. സബ് സ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്നം. അത് അധികൃതർ കണ്ടെത്തണം. ചിറയിൻകീഴ് പഞ്ചായത്തിൽ ഇതിനായി സ്ഥലം ഇല്ല എന്നാണ് പറയുന്നത്. എന്നാൽ കിഴുവിലം പഞ്ചായത്തിന്റെ കീഴിൽ ഇതിന് അനുയോജ്യമായ സ്ഥലം നൈനാംകോണത്ത് ഉണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു