ഇവിടെ ആദിവാസികൾ ഒറ്റയാന്റെ ഭീഷണിയിൽ

കുറ്റിച്ചൽ : കുറ്റിച്ചൽ പഞ്ചായത്തിൽ ഉൾപ്പെട്ട കോട്ടൂർ അഗസ്ത്യവനം പ്രദേശത്തെ ആദിവാസി ഊരുകളിൽ ഒറ്റയാന്റെ ഭീഷണി. വീടും കൃഷിയിടങ്ങളും നശിപ്പിച്ച ഒറ്റയാനെ പേടിച്ച് കഴിയുകയാണ് ആദിവാസികൾ.

കോട്ടൂർ വനത്തിലെ പൊടിയം, കൈതോട്, വാലിപ്പാറ എന്നിവിടങ്ങളിലാണ് ആന നാശമുണ്ടാക്കുന്നത്. കൈതോട് ഊരിലെ രാജു കാണിയുടെ വീട് ആന ഭാഗികമായി നശിപ്പിച്ചു. ഇവിടെത്തന്നെ പ്രഭാകരന്റെ വീട് കുത്തിമറിക്കാൻ ശ്രമിക്കുകയും തൊഴുത്ത് കുത്തിമറിക്കുകയും ചെയ്തു. വാലിപ്പാറ ഊരിലെ വീരപ്പൻ കാണിയുടെ വാഴകൾ, തെങ്ങ്, കവുങ്ങുകൾ എന്നിവയും പ്രദേശത്തെ കൃഷിയും നശിപ്പിച്ചു.

കഴിഞ്ഞ ദിവസം കോട്ടൂരിൽനിന്നു പൊടിയത്തേക്ക് പോവുകയായിരുന്ന ഒരു സംഘം ആദിവാസികളെ എണ്ണക്കുന്നിൽെവച്ച് ഇതേ ആന ഓടിച്ചതായും പറയുന്നു. മുറിവേറ്റ് കൂട്ടംതെറ്റി നടക്കുന്ന ആന ആദിവാസി പ്രദേശത്തെ വൈദ്യുതി വേലികളൊക്കെ നശിപ്പിച്ചതായും വിവരമുണ്ട്. വിവരം വനം വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. വേനൽ മഴയിൽ പ്രദേശത്ത് മറ്റുള്ള വന്യമൃഗങ്ങളുടെ ശല്യവും വർധിച്ചതായി പരാതിയുണ്ട്