വോട്ടെടുപ്പിൽ പരക്കെ സംഘർഷം, രണ്ടുപേർ കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശ്: ആന്ധ്രയിൽ വോട്ടെടുപ്പിനിടെ വൈ.എസ്.ആർ കോൺഗ്രസ്-ടി.ഡി.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ടിഡിപി പ്രവർത്തകൻ സിദ്ധഭാസ്കർ റെഡ്ഡി, വൈ.എസ്. ആർ പ്രവർത്തകൻ പുല്ല റെഡ്ഡിയുമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പരസ്പരം കല്ലെറിഞ്ഞിരുന്നു. ഈ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരാണ് മരിച്ചത്. ആന്ധ്രയിലെ അനന്ത്പൂരിലാണ് സംഭവം.

ആന്ധ്രയിൽ വിവിധയിടങ്ങളിലായുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാവിലെ വോട്ടെടുപ്പിനിടെ വെസ്റ്റ് ഗോദാവരിയിലും സംഘര്‍ഷമുണ്ടായിരുന്നു. വൈഎസ്ആര്‍ കോൺഗ്രസ്- ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ വൈഎസ്ആര്‍ കോൺഗ്രസ് നേതാവ് മട്ട രാജുവിന് കുത്തേറ്റു. അതിനിടെ, സത്തേന്‍പല്ലേ മണ്ഡലത്തില്‍ വൈ എസ് ആര്‍ സി പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനിടെ നിയമസഭാ സ്പീക്കര്‍ കൊദേല ശിവപ്രസാദ് റാവുവിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ആന്ധ്രയിലെ നര്‍സാരൗപേട്ട് നിയമസഭാ സീറ്റിലെ ടിഡിപി സ്ഥാനാര്‍ത്ഥി അരവിന്ദ് ബാബുവിനു നേരെയും ആക്രമണം ഉണ്ടായി. ആക്രമണത്തിന് പിന്നിൽ വൈഎസ്ആര്‍ കോൺഗ്രസ് പ്രവര്‍ത്തരാണെന്ന് ടിഡിപി ആരോപിച്ചു. രാവിലെ അനന്തപുരിൽ ജനസേനാ സ്ഥാനാർത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം തകർത്തു. അനന്ദ്പൂര്‍ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്തില്‍ എത്തിയതായിരുന്നു ഗുപ്ത. എന്നാല്‍ വോട്ടിംഗ് മെഷീന് തകരാറുണ്ടെന്ന് പറഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ ഇയാള്‍ മെഷീൻ എറിഞ്ഞുടക്കുകയായിരുന്നു