‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ – ആ ശബ്ദം നിലച്ചു

തിരുവനന്തപുരം: ‘വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍’.. ഒരു കാലത്ത് റേഡിയോ ശ്രാതാക്കളുടെ കാതുകളില്‍ മുഴങ്ങിക്കേട്ടിരുന്ന ആ ശബ്ദം നിലച്ചു. ആകാശവാണിയുടെ വാര്‍ത്താവിഭാഗത്തിലെ എക്കാലത്തേയും വേറിട്ട ശബ്ദസാനിദ്ധ്യമായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട വാർത്താവതാരകൻ ഗോപന്‍ എന്ന എസ്.ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഗോപന്‍ 1962 മുതല്‍ 2001 വരെ ഡല്‍ഹി ആകാശവാണിയില്‍ മലയാള വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്തു. വാര്‍ത്തകള്‍ക്കപ്പുറം പരസ്യകലയിലൂടെയും ശ്രദ്ധേയനായിരുന്നു അദ്ദേഹം.

പുകവലിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിനായി ചെയ്ത ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ എന്ന ഒറ്റ പരസ്യം മതി ഗോപനെ ഇളം തലമുറയിലുള്ളവര്‍ക്ക് പോലും തിരിച്ചറിയാന്‍. അങ്ങനെ വേറിട്ട ശബ്ദം കൊണ്ട് ഗോപന്‍ അടയാളപ്പെടുത്തിയ എത്രയോ പരസ്യചിത്രങ്ങള്‍ നമ്മുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ മന്ത്രാലയങ്ങൾക്കു വേണ്ടി തയ്യാറാക്കിയ നിരവധി ബോധവല്‍ക്കരണ പരസ്യങ്ങള്‍ ഹിറ്റായി മാറിയതിന് പിന്നില്‍ ഗോപന്റെ ശബ്ദസൗന്ദര്യം പ്രധാന ഘടകമാണ്. 1961-ലാണ് അദ്ദേഹം ആകാശവാണിയിലെത്തുന്നത്. കാഷ്വല്‍ ന്വൂസ് റീഡര്‍ ആയിട്ടായിരുന്നു ജോലിയിലേക്കുള്ള പ്രവേശം. 21-ാമത്തെ വയസിലായിരുന്നു ആദ്യ വാർത്ത വായന. ഒരേ യൂണിറ്റില്‍ മാറ്റമില്ലാതെ ദീര്‍ഘകാലം വാര്‍ത്താവതാരകനായി പ്രവര്‍ത്തിച്ചതിന്റെ റിക്കോര്‍ഡ് ഇപ്പോഴും ഗോപന്റെ പേരിലാണ്. 39 വര്‍ഷക്കാലത്തോളം ഡല്‍ഹി ആകാശവാണിയില്‍ അദ്ദേഹം ജോലി ചെയ്തു. വാര്‍ത്തയോടും വാര്‍ത്താ അവതരണത്തോടുമുള്ള അടങ്ങാത്ത ആവേശമാണ് ഈ ജോലിയിലേക്ക് തന്നെ എത്തിച്ചതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ജോലിയില്‍ നിന്നും വിരമിച്ച ശേഷവും പരസ്യ ലോകത്ത് സജീവമായി നില്‍ക്കാന്‍ അദ്ദേഹം ദില്ലിയില്‍ തന്നെ താമസം തുടരുകയായിരുന്നു. 79-ാം വയസിലും കര്‍മ്മപഥത്തില്‍ സജീവമായി നില്‍ക്കുമ്പോഴാണ് മരണം ആ മാന്ത്രിക ശബ്ദത്തെ കവര്‍ന്നെടുത്തത്. തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മലയാള നോവല്‍ സാഹിത്യത്തിന്റെ കുലപതി സി.വി രാമന്‍പിള്ളയുടെ കൊച്ചുമകളുടെ മകനാണ് ഗോപന്‍. അടൂര്‍ ഭാസിയും ഇ.വി കൃഷ്ണപിള്ളയും അടുത്ത ബന്ധുക്കളായിരുന്നു. ഭാര്യ രാധ, മകന്‍ പ്രമോദ് ദില്ലിയിൽ ഐ.ടി എഞ്ചിനീയറാണ്