
മലയാളിയുടെ തിരുമുറ്റത്ത് വീണ്ടുമൊരു വിഷുക്കാലം എത്തുകയാണ്. മാനുഷിക സങ്കല്പങ്ങള്ക്കും വിശ്വാസങ്ങള്‍ക്കും അധിഷ്ടിതമാണ് ‘വിഷു’ എങ്കിലും സാക്ഷാല്‍ പ്രകൃതിയുടെ ഉത്സവവും ആഘോഷവുമാണ് വിഷു. മനുഷ്യന് പ്രകൃതിയിലേക്കും പ്രകൃതി മനുഷ്യലേക്കും ഇറങ്ങിച്ചെല്ലുന്ന അപൂര്‍വ സംഗമമാണ് വിഷുക്കാലം. ഉദാത്തമായ കാര്‍ഷിക സംസ്കാരവും ഉത്സാഹത്തിന്റെയും ഒത്തൊരുമയുടേയും ഒത്തുചേരലിന്റെയും സന്ദേശമാണ് അന്നും ഇന്നും വിഷു മലയാളിക്ക് പകര്‍ന്ന് നല്‍കുന്നത്. വിഷു ആഘോഷവും ഓണം പോലെ തന്നെ മലയാളിയുടെ സംസ്കാരത്തിന്റെയും ഹൃദയത്തിന്റേയും ഭാഗമാണ്. ഓണം വിളവെടുപ്പിന്റെ ഉല്സവമാണെങ്കില് കൃഷിയിറക്കലിന്റെ ഉത്സവമാണ് വിഷു. ഓണം സമൃദ്ധമാക്കാനുള്ള വിഭവങ്ങള്‍ക്കായി മലയാളി, ഇന്നേ മണ്ണില്‍ വിത്തെറിഞ്ഞ് ആകാംക്ഷയോടെ കാത്തിരിക്കും. ആ കാത്തിരിപ്പിന് സുഖമുള്ള ഒരു പ്രതീക്ഷയുണ്ട്.
വെയിലേറി നില്ക്കുന്ന കാലമാണെങ്കില്‍ പോലും ഓരോ മലയാളിയുടേയും മനസില്‍ കുളിര് കോരിയിട്ടാണ് വിഷുക്കാലത്തിന്റെ വരവ്. മഞ്ഞപട്ടുചാര്ത്തിയ പ്രകൃതിയെന്ന് പൂത്തുനില്ക്കുന്ന കണിക്കൊന്നയെ നോക്കി വിഷുക്കാലത്തെ നാം വിശേഷിപ്പിക്കാറുണ്ട്. കണ്ണിന് കാഴ്ചാ വസന്തമൊരുക്കുന്ന കണിക്കൊന്നയെക്കുറിച്ച് പാടാത്ത കവികളും വിരളമാണ്. കൊന്നപ്പൂവിന്റെ നൈര്മ്മല്യമറിയാന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഈ വരികള്‍ തന്നെ ധാരാളം:
‘ഏതു ധൂസര സങ്കല്പങ്ങളില് വളര്‍ന്നാലും ഏതു യന്ത്രവല്‍ക്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന് വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും’.
അങ്ങനെ പറഞ്ഞും പാടിയും എഴുതിയുമെല്ലാം കൊന്നപ്പൂവും വിഷുവും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറി. വിഷുക്കൊന്ന, വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുപ്പക്ഷി, വിഷുക്കാലം, വിഷുക്കൃഷി തുടങ്ങിയ ചൊല്ലുകള്‍ ഗൃഹാതുരതയോടെ മലയാളത്തില്‍ ഇന്നും നിറഞ്ഞു നില്ക്കുന്നു.
ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷ ദിനമാണ്. അന്ന് സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്നാണ് ശാസ്ത്രം. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്ക്കുന്നു എന്നാണ് വിശ്വാസം. കണികാണലും വിഷുക്കൈനീട്ടവും വിഷുവിന്റെ പ്രധാന ചടങ്ങാണ്. ഓട്ടുരുളിയില്‍ കണിയൊരുക്കി അതിരാവിലെ നിറതിരിയിട്ട് കത്തിച്ചുവച്ച നിലവിളക്കിനു മുന്നില്‍ കണി കാണുന്നതും മുതിര്‍ന്നവരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതുമെല്ലാം വരുംകാല സമൃദ്ധിയിലേക്കുള്ള വഴിയൊരുക്കലാണ്. കേരളത്തില്‍ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.
മണ്ണിന് വിയർപ്പിന്റെ ഗന്ധം പകർന്നു നൽകുന്ന ഓരോ മലയാളിക്കും വിഷുദിനം ആഘോഷിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ആഘോഷങ്ങളിൽ വെള്ളം ചേരാതിരിക്കാൻ ചില തിരിച്ചറിവുകൾ കൂടി നാം പാലിക്കേണ്ടിയിരിക്കുന്നു. ആരും ജീവിക്കാൻ കൊതിക്കുന്ന സമ്മിശ്രമായ ഒരു കാലാവസ്ഥാ സംസ്കാരം ഉണ്ടായിരുന്ന നമ്മുടെ നാട് ഇന്ന് പാടേ മാറിപ്പോയിരിക്കുന്നു. പച്ചപ്പ് നഷ്ടപ്പെട്ട വിഷലിപ്തമായ മണ്ണിൽ നിന്നും മഴയകന്നു..ഉറവകൾ വറ്റി.. ഉഗ്രവേനൽ കൂടിയെത്തിയതോടെ ഉറക്കമില്ലാത്ത രാവുകളും അസ്തമിച്ച പ്രതീക്ഷകളും മലയാളിയെ വേട്ടയാടുകയാണ്. എങ്കിലും നൻമയുടെ ഉറവ വറ്റാത്ത ഒരു ഹൃദയമുള്ള കാലത്തോളം നാം മലയാളി..ആഘോഷങ്ങളെ എന്നും നെഞ്ചോടു ചേർത്ത്തന്നെ പിടിക്കും..നൻമകൾ നേരുന്നു