ശക്തമായ മിന്നൽ – ചിറയിൻകീഴ് മേഖലയിൽ 5 പേർക്ക് പരിക്കേറ്റു

ചിറയിൻകീഴ്: ചിറയിൻകീഴിൽ വേനൽ മഴയെത്തുടർന്നുണ്ടായ മിന്നലേറ്റ് അഞ്ചുപേർക്ക് പരിക്ക്. ശക്തമായ മഴയിൽ മരങ്ങൾ ഒടിഞ്ഞുവീണ് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ചിറയിൻകീഴ് വലിയ ഏലായിൽ തോട്ടവാരം എൻ.എസ്.എസ്. കരയോഗത്തിനു സമീപത്തെ കടയിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് മിന്നലേറ്റു. വലിയ ഏലായിലെ ഇഷ്ടിക ചൂളയിലെ തൊഴിലാളിയായ കീഴാറ്റിങ്ങൽ നെടിയവിള സ്വദേശി ചന്ദ്രനും തോട്ടവാരം സ്വദേശിയായ ബിജുവിനുമാണ് മിന്നലേറ്റത്. ഒമ്പതോളം പേരാണ് മഴയെത്തുടർന്ന് കടയിൽ കയറി നിന്നിരുന്നത്. പൊടുന്നനെയുണ്ടായ മിന്നൽ സമീപത്തായി നിന്നിരുന്ന തെങ്ങിനെ പിളർത്തി. തെങ്ങിന് ചുവട്ടിൽ കടയ്ക്കുമുമ്പിലായി നിന്നിരുന്ന ചന്ദ്രനും ഒരുവശത്ത് ഇരിക്കുകയായിരുന്ന ബിജുവിനും മിന്നലേറ്റ് തറയിൽ വീഴുകയായിരുന്നു. ഉടൻതന്നെ ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബിജുവിനെ ഇവിടെ നിന്നും കൂടുതൽ പരിശോധനയ്ക്കായി മെഡിക്കൽ കോളേജാശുപത്രിയിലേക്ക്‌ കൊണ്ടുപോയി.

ചിറയിൻകീഴ് ശാർക്കരക്ഷേത്ര പറമ്പിൽ വ്യാപാരമേളയിൽ കച്ചവടം നടത്തിയിരുന്ന രണ്ടുപേർക്കും മിന്നലേറ്റു. ബാലേശ്വർ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ അശ്വിൻ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ബാലേശ്വറിനെ മെഡിക്കൽ കോളേജാശുപത്രയിൽ പ്രവേശിപ്പിച്ചു.

മുടപുരം ശിവകൃഷ്ണപുരത്ത് മൊബൈൽ ഫോണിൽ നിന്ന് പരിക്കേറ്റ് യുവാവിന് പരിക്കേറ്റു. മിന്നലിനെ തുടർന്ന് കൈയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണിന് തീ പിടിക്കുകയായിരുന്നു. കനത്തമഴയിൽ മരങ്ങളൊടിഞ്ഞ് വിണ് പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം താറുമാറായി. മുടപുരത്ത് മിന്നലിൽ വൈദ്യുതി തൂണിന് തീപിടിച്ചതിനെ തുടർന്നുണ്ടായ വൈദ്യുതി തടസ്സം വെള്ളിയാഴ്ച രാത്രിയിലും പരിഹരിയ്ക്കാനായില്ല. അഴൂർ ഗണപതിയാംകോവിൽ പ്രദേശത്ത് വീടിനുസമീപം മിന്നലേറ്റു. ആളപായമില്ല. അഴൂരിൽ വ്യാഴാഴ്ച രാത്രയിലും പെരുമാതുറയിൽ വെള്ളിയാഴ്ച രാവിലെയും മരങ്ങളൊടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി. പെരുമാതുറയിൽ അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്.