
കാട്ടാക്കട: കാട്ടാക്കടയിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി.പഴകിയ ഭക്ഷ്യ വസ്തുക്കളും വൃത്തിഹീനമായ ഹോട്ടലുകളും കണ്ടെത്തി. ഹോട്ടലുകൾ, ഫ്രൂട്ട് ജ്യൂസ്, ഇതര പാനീയങ്ങൾ എന്നിവയുടെ വില്പന കേന്ദ്രങ്ങളിൽ ഉൾപ്പടെ നടത്തിയ പരിശോധനയിൽ പഴകിയതും കേടായതുമായ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തി. കാട്ടാക്കട ജംഗ്ഷനിലെ കുമാർ ഹോട്ടലിൽ പഴകിയ വറുത്ത മൽസ്യം , കറികൾ ,പെറോട്ട ,എന്നിവ വില്പനയ്ക്ക് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. അടുക്കള വൃത്തിഹീനവും മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതായും കണ്ടു. കാട്ടാക്കട മാർക്കറ്റ് റോഡിലെ ഐശ്വര്യ ഹോട്ടലിൽ ഫ്രീസറിനുള്ളിൽ വേവിക്കാത്ത ഇറച്ചി ,പെറോട്ട ,ചപ്പാത്തി എന്നിവ കുഴച്ച് ഒരുമിച്ചു സൂക്ഷിച്ചിരുന്നു. വൃത്തിഹീനമായ പത്രങ്ങളിലാണ് ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.കണ്ടെടുത്ത ഭക്ഷ്യ വസ്തുക്കൾ ഉടമയെക്കൊണ്ട് നശിപ്പിച്ചു.മോളിയൂർ റോഡിലെ നന്ദു ഹോട്ടലിൽ ഉൾപ്പടെ രണ്ട് വർഷം മുൻപ് പഞ്ചായത്തും പൊതു മരാമത്തും ഗ്രാമപഞ്ചായത്തുംചേർന്ന് കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് പൈപ്പുകൾ പൊട്ടിച്ച് മലിന ജലം ഓടയിലേക്ക് ഒഴുകുന്നതും കണ്ടെത്തി .ഇത് അടിയന്തരമായി പരിഹരിക്കാൻ നോട്ടീസ് നൽകി.ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ വർഗീസ്, പി. ഗോപിനാഥൻ നായർ,ശ്രീജിത്ത്,സന്തോഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.