വീട് കയറി ആക്രമിച്ചതായി പരാതി : വീട്ടമ്മ ആശുപത്രിയിൽ

ചിറയിൻകീഴ് :വീട് കയറി ആക്രമിച്ചതായി പരാതി. മർദ്ദനമേറ്റ വീട്ടമ്മ ആശുപത്രിയിൽ. ചുമടുതാങ്ങി ജംഗ്ഷനിൽ സുനിത മൻസിലിൽ ഷൈലയുടെ മകളായ സബീന (33)യാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ 12 ആം തീയതി രാത്രി ഒൻപത് മണിയോടെ ഭർതൃസഹോദരന്മാരും അവരുടെ ഭാര്യമാരും ചേർന്ന് വീട് കയറി ആക്രമിച്ചെന്നാണ് പരാതി.

മുൻ വൈരാഗ്യത്തെ തുടർന്നാണ് ഇത്തരമൊരു ഹീനകൃത്യം ഇവർ ചെയ്തതെന്നാണ് സബീന പോലീസിന് കൊടുത്ത പരാതിയിൽ പറയുന്നത്. ശാരീരികവും മാനസികവുമായ ആക്രമത്തെ തുടർന്ന് അവശയായ സബീനയെ ഉടൻ തന്നെ സഹോദരിയും വീട്ടുകാരും സ്ഥലത്തെത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇടയ്ക്കിടയ്ക്ക് ബോധം നഷ്ട്ടപെടുന്നതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നത്രെ. ഒബ്സർവേഷന് ശേഷം പതിമൂന്നാം തീയതി മെഡിക്കൽ കോളേജിൽ നിന്നും സബീനയെ തിരികെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് വന്നെങ്കിലും ആരോഗ്യനില തൃപ്തികരമല്ലാത്തതിനെ തുടർന്ന് സബീന തുടർന്നും ആശുപത്രിയിൽ തന്നെയാണ്.

സബീനയെ കൂടാതെ മൂത്ത മകളായ സാനിയയെയും ആക്രമിച്ചതായി പറയുന്നു. ആക്രമികൾ സബീനയുടെ 20000 രൂപയും ഫോണും കവർച്ച നടത്തിയതായും പരാതിയുണ്ട്. സംഭവസ്ഥലത്തെത്തിയ ചിറയിൻകീഴ് പോലീസ് ഐ പി സി u/s 452, 341, 323, 324, 354, 506(¡), 394&34 പ്രകാരം ഇവരുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. പരാതിയിൽ പറഞ്ഞത് പ്രകാരം ആക്രമണം നടത്തിയ കേസിൽ സുഹൈറിനെയും സുഹൈലിനെയും പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ സുനിത, മൈസ എന്നിവരും ആക്രമണത്തിൽ പങ്കു വഹിച്ചതായും ഇവരെയും ഉടൻ പോലീസ് അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരി പറയുന്നു.