വീടിനു തീയിട്ട കേസിൽ 4 പേർ അറസ്റ്റിൽ

നെടുമങ്ങാട് : ഗൾഫിൽ ബിസിനസ് ബന്ധം തെറ്റിപ്പിരിഞ്ഞതിലുള്ള വൈരാഗ്യം തീർക്കാൻ പ്രവാസിയായ പാർട്ണറുടെ വീടിനു തീയിട്ട കേസിൽ പഴയ സുഹൃത്ത് ഉൾപ്പെടെ നാലുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മൂഴിയിൽ ഷിയാസിന്റെ സുൽത്താൻ എന്ന വീട് ഫെബ്രുവരി 5ന് രാത്രി പത്തരയോടെ കത്തിച്ച കേസിൽ കൊല്ലം പെരിനാട് കണ്ടച്ചിറ സീനാ ഭവനിൽ ജെ.ജെറിൻ ജോർജ്ജ് (22), സഹോദരൻ ജിതിൻ ജോർജ്ജ് (19), തൃക്കോവിൽവട്ടം മുഖത്തല പോസ്റ്റോഫീസ് പരിധിയിൽ കുറുവണ്ണ ഷീലാ നിവാസിൽ എം.വിഘ്നേഷ് (വിക്കി-23), ആയൂർ അമ്പലംകുന്ന് അരുൺ ഭവനിൽ ആർ.അനുരാജ് (22) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം മങ്ങാട് സ്വദേശികളായ ജോർജും പ്രജിത്തും ഷിയാസും ഗൾഫിൽ അനധികൃത കൂട്ട് ബിസിനസ് നടത്തി വരികയായിരുന്നു. ബിസിനസ് ബന്ധം തെറ്റിപ്പിരിഞ്ഞ് ജോർജിന്റെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് ഷിയാസ് ഒറ്റി കൊടുത്തതാണെന്ന് ആരോപിച്ചാണ് ഷിയാസിന്റെ വീട് ജോർജിന്റെ നേതൃത്വത്തിൽ പ്രതികൾ തീയിട്ട് നശിപ്പിച്ചത്. വീട്ടുടമയ്ക്ക് 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. രാത്രിയിൽ നടത്തിയ കുറ്റകൃത്യത്തിന് ദൃക്സാക്ഷികളോ മറ്റ് തെളിവുകളോ ലഭിച്ചിരുന്നില്ല. റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകന്റെ നിർദ്ദേശാനുസരണം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടന്നത്. സൂത്രധാരന്മാരായ 3 പ്രതികൾ വിദേശത്താണ്. ഗൂഢാലോചനയിൽ പങ്കെടുത്ത കൊല്ലം സ്വദേശി റമീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 9 പ്രതികൾ കൂടി അറസ്റ്റിലാവാനുണ്ട്.പിടിയിലായ ജെറിൻ ജോർജിനെതിരെ വധശ്രമത്തിന് കിളിക്കൊല്ലൂർ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി വിനോദിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ കെ.അനിൽകുമാർ,എസ്.ഐ എസ്.ഷുക്കൂർ, ഷാഡോ എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ സുനിൽ,എ.എസ്.ഐ വേണു, എസ്.സി.പി.ഒ ഫ്രാങ്ക്ളിൻ,സി.പി..ഒ മാരായ സനൽ രാജ്, ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.