കാപ്പിലിൽ പൊഴിമുഖത്തിന് കുറുകെയുള്ള മൺതുരുത്തുകൾ നീക്കം ചെയ്യണമെന്ന് ആവശ്യം

ഇടവ: പാരിസ്ഥിതിക ദുർബല പ്രദേശമായ കാപ്പിൽ പടിഞ്ഞാറെ പൊഴിമുഖത്തിന് കുറുകെയായി രൂപപ്പെട്ടിട്ടുളള മൺതുരുത്തുകൾ മൺസൂൺ മഴയ്ക്ക് മുന്നോടിയായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. മഴക്കാലത്ത് പൊഴി തുറക്കാൻ കഴിയാത്തവിധം മൺത്തിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്.

ഇടവ നടയറ കായലിന്റെ പടിഞ്ഞാറെ തുടക്കം വെറ്റക്കട പള്ളിക്ക് സമീപം നിന്നായിരുന്നു. കടലാക്രമണത്തിൽ വീതി കുറ‌ഞ്ഞ ഭാഗത്ത് കായലിന് കുറുകെ മണ്ണടിഞ്ഞ് ഇടമുറിഞ്ഞാണ് കൊച്ചുകായൽ രൂപപ്പെട്ടത്. തുടർന്ന് വർഷങ്ങൾക്കുശേഷം ഇതേ പ്രതിഭാസം ആവർത്തിച്ചപ്പോൾ കാപ്പിൽ പൊഴിമുഖത്തിന് സമീപത്ത് നിന്നും വീണ്ടും കായലിന്റെ നല്ലൊരു ഭാഗം വേർതിരിഞ്ഞുപോയി. ഇത്തരം മൺതിട്ടകൾ വേർപിരിഞ്ഞ കായൽ ഭാഗങ്ങളെ ഒന്നപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടയറകായലിൽ നിന്നും വേർതിരിഞ്ഞുളള വെള്ളക്കെട്ടിൽ അകപ്പെട്ട് ലക്ഷങ്ങൾ വിലമതിക്കുന്ന തൊണ്ടിൻ മാലുകൾ അഴുകി നശിച്ചിരുന്നു . മണ്ണടിഞ്ഞ് ഇടമുറിച്ച ഭാഗത്തേക്ക് വള്ളങ്ങളിൽ സഞ്ചരിക്കാൻ കഴിയാതെ പോയതാണ് തൊണ്ടിൻ മാലുകൾ ഉപേക്ഷിക്കാൻ പ്രദേശത്തെ കയ‌ർ ത്തൊഴിലാളികൾ നിർബന്ധിതരായത്.

കയർപിരി തൊഴിലാളികളുടെ പരാതിയെ തുടർന്ന് 2012 ൽ ഇടവ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി മണ്ണ് നീക്കം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഡി.ടി.പി.സിയുടെ കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബ് ഉൾപ്പെടെ സ്വകാര്യ ബോട്ട് ക്ലബുകൾക്കും ഉൾനാടൻ മത്സ്യ ബന്ധനത്തിനും കയർത്തൊഴിലാളികൾക്കും ജലയാനങ്ങളുടെ സർവീസിനും മണൽത്തിട്ടകൾ ഭീഷണിയാകുകയാണ്. കായലിൽ രൂപപ്പെടുന്ന മണൽത്തിട്ട നീക്കം ചെയ്യുന്നതിന് ശാസ്ത്രീയവും സമഗ്രവുമായ പദ്ധതികൾ ആവിഷ്ക്കരിച്ചാൽ മാത്രമേ ഇതിന് പരിഹാരമാകു. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ സർക്കാർ വകുപ്പുകൾക്കുപോലും കഴിയാതെ പോകുന്നു. ഹരിത ട്രൈബൂണലിനെ സമീപിക്കാനാണ് ഗ്രാമവാസികളുടെ അവസാന തീരുമാനം.