ഇന്‍ഷുറന്‍സ് കമ്പനി ഓഫീസ് കുത്തിത്തുറന്നു മോഷണം: രണ്ടു പേർ പിടിയിൽ

കഴക്കൂട്ടം : കഴക്കൂട്ടം ബൈപാസിൽ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്നു മോഷണം നടത്തിയ രണ്ടു പേരെ സിറ്റി ഷാഡോ പോലീസ് പിടികൂടി.

കാട്ടായിക്കോണം ചന്തവിള നൗഫല്‍ മന്‍സിലില്‍ താമസം അപ്പൂസ് എന്നു വിളിക്കുന്ന റഹീസ ഖാന്‍ (24), പേയാട് ചീലപ്പാറ വാടകക്ക് താമസം ഷാരൂഖ് ഖാന്‍ (20) എന്നിവരെയാണ് സിറ്റി ഷാഡോ പോലീസ്  പിടികൂടിയത്  .കഴക്കൂട്ടം പോലീസ് ഇവരുടെ അറസ്റ്റ്
രേഖപ്പെടുത്തി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് കഴക്കൂട്ടം ബൈപാസില്‍ മിഷന്‍ ആശുപത്രിക്ക് എതിര്‍വശത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡിസ്‌ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് 1,16,000 രൂപ മോഷണം നടന്നത്. ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് ഓഫിസ് പൂട്ടി ജീവനക്കാര്‍ വ്യാഴാഴ്ച രാവിലെ 9 മണിയോടെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ്‌ കുമാര്‍ ഗുരുദിന്‍റെ നിര്‍ദ്ദേശപ്രകാരം സിറ്റി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.

മുന്‍പ് നിരവധി വീടു മോഷണം, കട മോഷണം ബൈക്ക് മോഷണ കേസുകളിലെ പ്രതിയായ റഹീസ് ഖാന്‍, കഴിഞ്ഞ പതിനെട്ടാം തീയതി വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് തുക അടക്കുവാന്‍ വേണ്ടി ഈ ഓഫീസില്‍ പോയിരുന്നു, അന്ന് ഈ ഓഫീസും പരിസരവും വ്യക്തമായ വീക്ഷിച്ച്
മോഷണം നടത്തുന്നതിനുള്ള പദ്ധതികള്‍ ഇയാളുടെ അര്‍ദ്ധ സഹോദരനായ ഷാരൂഖ് ഖാനുമായി
ചേര്‍ന്ന് ആസൂത്രണം ചെയ്യുകയായിരുന്നു. മോഷണ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ കൂടി ബൈക്കിലെത്തിയ ഇരുവരും ഇന്‍ഷുറന്‍സ് കമ്പനി ഓഫീസിന് സമീപമുള്ള വീടിന്‍റെ സ്റ്റെയര്‍കേസ്
വഴി കെട്ടിടത്തിനകത്ത് കയറി. മുന്‍വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച്
ഓഫീസിനകത്തുകയറി, അലമാര കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഒരു ലക്ഷത്തിലേറെ രൂപ
സൂക്ഷിച്ചിരുന്ന ഇരുമ്പ് ചെസ്റ്റ് ബോക്സുമായി ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

ചെസ്റ്റ് ബോക്സ് ഇരുമ്പ് കട്ടര്‍ ഉപയോഗിച്ച് അറുത്ത് മുറിച്ച നിലയിലും, മോഷണം ചെയ്തെടുത്ത പണവും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളുടെയും, മറ്റു ശാസ്ത്രീയ അന്വേഷണ രീതിയുടെയും സഹായത്താലാണ് സിറ്റി ഷാഡോ പോലീസ് പ്രതികളെ
മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കിയത്. കൗമാരപ്രായത്തില്‍ തന്നെ മോഷണം തുടങ്ങിയ റഹീസ് ഖാൻ നേമം, വട്ടിയൂര്‍ക്കാവ്, വലിയതുറ, പൂന്തുറ, പേരൂര്‍ക്കട ,പൂജപ്പുര, വഞ്ചിയൂര്‍, കന്‍റോണ്‍മെന്റ് എന്നീ പോലീസ്സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പോലീസ്
പിടികൂടുവാന്‍ വരുമ്പോള്‍ പോലീസിനെ ആക്രമിക്കുന്നത് ഇയാളുടെ രീതിയാണ്. ഇവര്‍
ഇത്തരത്തിലുള്ള സമാനമായ മോഷണം മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന്
പരിശോധിച്ചുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ അറിയിച്ചു.