‘കൊല്ലടാ കല്ലടയെ’: ആലംകോട് കല്ലടയെ തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധ സമരം

ആറ്റിങ്ങല്‍: കേരളം മൊത്തം ഇപ്പോൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയമാണ് കല്ലട ബസ്സിനെതിരെയുള്ള പരാതികളും പ്രക്ഷോഭങ്ങളും. യാത്രക്കാരെ ക്രൂരമായി മർദിച്ച സംഭവം ദൃശ്യങ്ങളും തെളിവുകളും സഹിതം പുറത്ത് വന്നതോടെ കല്ലടയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് സമൂഹമാധ്യമങ്ങളും കല്ലടയെ കൊന്ന് കൊലവിളിക്കുകയാണ്. കൊല്ലടാ കല്ലടയെ എന്നും, കൊലകൊല്ലി കല്ലടയെന്നുമൊക്കെ ഹാഷ് ടാഗും വീണു. മാത്രമല്ല ട്രോളുകളും നിറഞ്ഞാടുകയാണ്. എന്നാൽ ഫേസ്ബുക്കിൽ അല്ല റോഡിൽ കല്ലട ബസ് തടഞ്ഞ് കോൺഗ്രസ്‌ ശക്തമായ പ്രതിഷേധം അറിയിച്ചു.

ആലംകോട് ജംഗ്ഷനിലെ ദേശീയപാതയിലാണ് സമരം നടന്നത്. കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌, കെ.എസ്.യു പ്രവർത്തകരാണ് ബസ് തടഞ്ഞത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോയ കല്ലട ബസാണ് പ്രവർത്തകർ തടഞ്ഞത്. കൂടാതെ കെ.എസ്.ആർ.ടി.സി ബസിന്റെ m മഹത്വവും സ്വകാര്യബസ്സുകളുടെ കഴുത്തറുപ്പൻ നയത്തിനുമെതിരെ ലഘുലേഖകൾ പ്രവർത്തകർ വിതരണം ചെയ്തു. കല്ലട ബസ്സിൽ വന്ന യാത്രക്കാർക്ക് ഉൾപ്പടെയാണ് ലഘുലേഖക നൽകിയത്.

എന്നാൽ സമരപരിപാടിയുടെ സമയം അധികരിച്ചപ്പോൾ ആറ്റിങ്ങലില്‍ നിന്നെത്തിയ പോലീസ് സംഘം സമരക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചത് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. എങ്കിലും ആറ്റിങ്ങൽ സി.ഐ, എസ്‌.ഐ ശ്യാം തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരക്കാരെ മാറ്റി ബസ് കടത്തിവിട്ടു.