കാപ്പുകാട്ട് നിന്ന് മുത്തങ്ങയിലേക്ക് : ആനകുട്ടികൾക്ക് കുങ്കിയാന പരിശീലനം

കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആനസഫാരി പാർക്കിൽനിന്ന് കുങ്കിയാന പരിശീലനത്തിന് ആനകുട്ടികൾ വയനാട് മുത്തങ്ങയിലേക്ക്. അഞ്ച് വർഷത്തെ പരിശീലനത്തിശേഷം ഇവർ കുങ്കി ആനകളാക്കി തിരിച്ചെത്തിക്കും.. അഗസ്ത്യൻ, ഉണ്ണികൃഷ്ണൻ, സുന്ദരി എന്നീ കുട്ടിയാനകളെയാണ് പരിശീലനത്തിന് കൊണ്ടു പോകുന്നത്. ഇതിൽ അഗസ്ത്യനും ഉണ്ണികൃഷ്ണനും ചൊവ്വാഴ്ച വനം വകുപ്പിന്റെ എലിഫന്റ് സ്ക്വാഡ്, റാപ്പിഡ് റസ്പോൺസ് ടീം പ്രത്യേക വാഹനത്തിൽ വയനാട്ടിലേക്ക് കൊണ്ടുപോയി. സുന്ദരിയേയും രണ്ട് ദിവസത്തിനകം മുത്തങ്ങയിലെത്തിക്കും.

നാട്ടിലിറങ്ങി അക്രമം കാട്ടുന്ന കാട്ടാനകളെ വിരട്ടി അയയ്ക്കാനും, കാട്ടിൽനിന്ന് ആനകളെ പിടികൂടാനും മെരുക്കി സങ്കേതത്തിൽ എത്തിക്കാനുമൊക്കെയാണ് കുങ്കി ആനകൾ. വർഷത്തിൽ മൂന്നുമാസം വീതം അഞ്ചു വർഷമാണ് കുങ്കി ആന പരിശീലനം. പാപ്പാന്മാർക്കും പരിശീലനമുണ്ട്. പ്രധാനമായും ആൺ ആനകളെയാണ് കുങ്കി ആനകളാക്കുന്നത്. പിടിയാനകൾക്കും കുങ്കി പരിശീലനം നൽകി , കാട്ടാനകളെ ആനകളെ തുരത്താനും മെരുക്കാനും ആൺ ആനകൾക്കൊപ്പം ഉപയോഗിക്കാം.

മുത്തങ്ങയിൽ എത്തുന്ന ആനകൾക്ക് കാട്ടാനകളെ തിരിച്ചറിയാനും പരിശീലനം നൽകും. ഇപ്പോൾ പ്രായം കുറവാണെങ്കിലും പരിശീലനം പൂർത്തി ആകുമ്പോഴേക്കും ഇവർ ഒത്ത ആനകളാകുമെന്നാണ് കണക്കുകൂട്ടൽ. കുങ്കി ആനകൾ പരിസരത്തുണ്ടെന്ന് മനസിലാക്കിയാൽ തന്നെ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങി വരാൻ മടിക്കും .