കാരേറ്റ് – പാലോട് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണം വൈകുന്നെന്ന് ആക്ഷേപം. നാട്ടുകാർ വാഴ നട്ടു പ്രതിഷേധിച്ചു

കല്ലറ: കാരേറ്റ് – പാലോട് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഭരതന്നൂർ ജംഗ്ഷനിലെ ചെറ്റക്കട മുക്കിൽ നാട്ടുകാർ വാഴ നട്ടു. റോഡ് പണിയിൽ നടക്കുന്ന ക്രമക്കേട് ചൂണ്ടിക്കാട്ടി ഭരതന്നൂരിലെ വ്യാപാരികളും നാട്ടുകാരും വകുപ്പ് മന്ത്രിക്കും കിഫ്ബി അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതിന് പ്രതികാരമായാണ് കരാറുകാരൻ ഭരതന്നൂരിൽ പണികൾ വൈകിപ്പിയ്ക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ജംഗ്ഷനിൽ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഓടയുടെ നിർമ്മാണം കഴിഞ്ഞിട്ട് മാസങ്ങളായി. കടകളുടെ മുൻഭാഗം ഇടിച്ച് വലിയ കുഴികൾ എടുത്താണ് ഓടകൾ നിർമ്മിച്ചത്. ഓടകളുടെ ജോലികൾ തീർന്നെങ്കിലും അതിനായി എടുത്ത കുഴികൾ ഇനിയും മൂടിയിട്ടില്ല. ഇപ്പോഴും ഭൂരിഭാഗം കടകളുടെ മുന്നിലും വൻ കുഴികളാണ്. സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഈ കുഴികളിൽ വീഴുന്നതും പതിവ് സംഭവമാണ്. മുപ്പത്തിരണ്ട് കോടി രൂപ മുടക്കി അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന കാരേറ്റ് – പാലോട് റോഡിന്റെ രണ്ടാം ഘട്ട ജോലികളാണ് ഈ ഭാഗത്ത് നടക്കുന്നത്. കാരേറ്റ് മുതൽ കല്ലറ വരെയും, ഭരതന്നൂർ ആല വളവ് മുതൽ പാലോട് വരെയുമാണ് രണ്ടാം ഘട്ടത്തിലുള്ളത്. കല്ലറ മരുതമൺ മുതൽ ഭരതന്നൂർ ആല വളവ് ജംഗ്ഷൻ വരെയായിരുന്നു ഒന്നാം ഘട്ടം. ഇതിന്റെ ജോലികൾ പൂർത്തിയായി ഒരു വർഷം കഴിഞ്ഞെങ്കിലും സിഗ്നലുകൾ,റിഫ്ളക്ടറുകൾ എന്നിവ ഇനിയും സ്ഥാപിച്ചിട്ടില്ല. ഇത് കാരണം ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്.