ഇവിടെ തോറ്റംപാട്ട് അറിയാത്തവരായി ആരുമില്ല

വിളപ്പിൽ : തോറ്റം പാട്ടിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി വിളപ്പിൽ പഞ്ചായത്തിലെ കാരോട് ഗ്രാമം. പ്രദേശത്ത് തോറ്റംപാട്ട് അറിയാത്തവരായി ആരുമില്ലെന്നതാണ് വാസ്തവം.ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവം കൊടിയേറിയാൽ കാപ്പുകട്ടി ഭദ്രകളിയെ വാഴ്ത്തിപ്പാടാൻ സംഘം തിരിഞ്ഞ് യാത്ര പുറപ്പെടുന്നവർ ഏറെയുണ്ട് ഇവിടെ. ഏറെത്തിരക്ക് നിറഞ്ഞ ഉത്സവസീസൺ കഴിഞ്ഞാൽ പുതിയ പാട്ടുകാരെ പഠിപ്പിച്ചെടുക്കാൻ കാരോട്ടെ പാട്ടാശാന്മാർ താൽക്കാലിക അരങ്ങുകൾ സ്ഥാപിക്കും.തോറ്റംപാട്ടുമായി ബന്ധപ്പെട്ട് കാരോട്ട് ഐതിഹ്യവും നിലനിൽക്കുന്നുണ്ട്.നേർച്ചകൾ നടത്താൻ വിളവെടുപ്പ് കാലത്ത് ഗ്രാമവാസികൾ ക്ഷേത്രത്തിൽ എത്തിയപ്പോൾ അവിടെ ദേവിയില്ല. തുടർന്ന് ഈറനുടുത്ത് അവർ ദേവീചരിതം പാടി കൊടുങ്ങല്ലൂരമ്മയെ വിളിച്ചു വരുത്തി കുടിയിരുത്തിയെന്നാണ് തോറ്റംപാട്ടിന്റെ ഐതീഹ്യം.ഗണപതി സ്തുതിയിൽ തുടങ്ങി ദേവീചരിതം പറഞ്ഞ് 40 ദിവസം കൊണ്ട് പാടി തീർക്കേണ്ടതാണ് തോറ്റംപാട്ട്. എന്നാൽ ക്ഷേത്രങ്ങളിൽ ഉത്സവനാളുകൾ മിതപ്പെടുത്തിയതിനാൽ അതിനനുസരിച്ചാണ് പാടിത്തീർക്കുന്നത്.കാരോട് അലവിളാകത്ത് നാരായണപിള്ള ആശാനാണ് തോറ്റംപാട്ട് കാരോട് ഗ്രാമത്തിന് പരിചയപ്പെടുത്തുന്നത്.അദ്ദേഹം മരിച്ചതോടെ മകൻ സുകുമാരൻകുട്ടിയായിരുന്നു പിന്നത്തെ ആശാൻ. മൂന്ന് വർഷം മുൻപ് അദ്ദേഹവും മരിച്ചു. സുകുമാരൻകുട്ടിയുടേയും, നാരായണപിള്ളയുടേയും ശിഷ്യൻ വേലപ്പൻകുറുപ്പിന്റെ ശിഷ്യരാണ് തോറ്റംപാട്ടിൽ കാരോടിന്റെ പിൻമുറക്കാർ. കാരോട് രാജീവത്തിൽ രാജനാണ്(40)മുടങ്ങാതെ പാട്ട് അരങ്ങിടുന്നത്.രാജന്റെ മക്കളും സജീവമായി രംഗത്തുണ്ട്. 65 പിന്നിട്ട പ്രഭാകരൻ മുതൽ 8 വയസുകാരൻ വൈഷ്ണവ് വരെ നീളുന്നതാണ് നാടിന്റെ തോറ്റംപാട്ട് പാരമ്പര്യംതോറ്റംപാട്ട് എഴുതി പഠിയ്ക്കാൻ പാടില്ലാത്തത് മൂലം മന:പാഠമാക്കിയാണ് കലാകാരന്മാർ പഠിക്കുന്നത്.