സംസ്ഥാനത്ത് രണ്ടര കോടിയിലേറെ വോട്ടർമാരിൽ രണ്ടര ലക്ഷത്തിലധികം പുതിയ വോട്ടര്‍മാർ

തിരുവനന്തപുരം: സംസ്ഥാനത്ത് 2,88,191 പുതിയ വോട്ടര്‍മാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ആകമാനം 2,61,51,534 വോട്ടര്‍മാരുണ്ടെന്നും അതില്‍ 1,26,84,839 പുരുഷന്‍മാരും 1,34,66,521 സ്ത്രീകളും ആണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. 174 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമായി കാഴ്ചയില്ലാത്തവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ വോട്ടര്‍ സ്ലിപ് തിരുവനന്തപുരത്ത് നടപ്പാക്കും. ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ വീടുകളില്‍ നിന്ന് വാഹനസൗകര്യം ഏര്‍പ്പെടുത്തുമെന്നും ടിക്കാറാം മീണ അറിയിച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷം സംസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ അനധികൃതമായി കൈവശംവച്ച 6.63 കോടി രൂപ പിടിച്ചെടുത്തു.

പെരുമാറ്റചട്ടം ലംഘിച്ചതിന് സംസ്ഥാനത്ത് നിന്ന് 15 ലക്ഷത്തോളം പോസ്റ്ററുകള്‍ നീക്കിയെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെയും ലഹരിമരുന്നിന്റെയും കണക്കുകള്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അതില്‍ കേരളത്തില്‍ നിന്ന് പിടികൂടിയതില്‍ അധികവും ലഹരി മരുന്നുകളായിരുന്നു. 9 കോടി രൂപയില്‍ അധികം വില വരുന്ന ലഹരിമരുന്നുകളായിരുന്നു കമ്മീഷന്‍ പിടിച്ചെടുത്തത്.