കേരളാ കരാട്ടെ ടീം നാട്ടിലെത്തി: ഫിദ ഹാജത്തിനെ നാളെ ആറ്റിങ്ങലിൽ അനുമോദിക്കും

ഇക്കഴിഞ്ഞ ഏപ്രിൽ 7 മുതൽ 11 വരെ പഞ്ചാബിലെ അമൃതസറിൽ നടന്ന 64-ാം മത് ദേശീയ സ്കൂൾ കായികമേളയിൽ പങ്കെടുത്ത കേരള സ്കൂൾ കരാട്ടെ ടീം ഇന്ന് നാട്ടിൽ തിരിച്ചെത്തി. ആദ്യമായാണ് കേരളം ദേശീയ സ്കൂൾ കായികമേളയിൽ കരാട്ടെ ടീമിനെ പങ്കെടുപ്പിക്കുന്നത്. അണ്ടർ 19 പ്രായ വിഭാഗത്തിലെ ആൺകുട്ടികളുടെ 13 ശരീരഭാര ഇനങ്ങളും പെൺകുട്ടികളുടെ 11 ശരീരഭാര ഇനങ്ങളും ആയി 24 മത്സര ഇനങ്ങളിലാണ് കേരളാ ടീം ഇത്തവണ പങ്കെടുത്തത്. ആദ്യ ദേശീയ സ്കൂൾ കായികമേളയിൽ തന്നെ 6 വെങ്കല മെഡലുകൾ നേടി കേരളം ഉജ്ജ്വല പ്രകടനം കാഴ്ചവച്ചിരിരുന്നു. ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിലെ ആറ്റിങ്ങൽ കരാട്ടെ ടീം താരവും കേവലം 11 വയസു മാത്രം പ്രായവുമുള്ള ഫിദ ഹാജത്താണ് കേരളത്തിന് ആദ്യ മെഡൽ സമ്മാനിച്ചത്.

തുടർന്ന് പാലക്കാട് സ്വദേശി ഫർസാന, തിരുവനന്തപുരം സ്വദേശികളായ അംബ സമുദ്ര, അരവിന്ദ്, എർണാകുളം സ്വദേശി ഗോപകുമാർ, തൃശ്ശൂർ സ്വദേശി അതുൽ എന്നിവരും കേരളത്തിന് വേണ്ടി മെഡൽ വേട്ട നടത്തിയിരുന്നു. കൊല്ലം റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ കേരളാ ടീമിലെ ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങളായ മെഡൽ ജേതാവ് ഫിദയ്കും രാഖവിനും പരിശീലകനായ അമൽ അശോകിനും സ്റ്റേഷനിൽ ആറ്റിങ്ങൽ കരാട്ടെ ടീം സ്വീകരണം സംഘടിപ്പിച്ചു. ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സമ്പത്ത് വി, സെക്രട്ടറി ലാലു, പരിശീലകരായ രംഗൻ, സൂരജ് തുടങ്ങിയവർ നേതൃത്വം നൽകി. നാളെ വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ സ്വസ്തിയയിൽ നടക്കുന്ന ആറ്റിങ്ങൽ കരാട്ടെ ടീം ബ്ളാക്ക് ബെൽറ്റ് ദാന ചടങ്ങിൽ ഫിദ ഹാജത്തിനെ അനുമോദിക്കും.