
തിരുവനന്തപുരം : സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും കനത്ത പോളിങ്. 77.68 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയെന്നാണ് ഇന്നലെ രാത്രി വൈകിയുള്ള കണക്ക്. ഏറ്റവും കൂടുതല്‍ പോളിങ് കണ്ണൂര്‍ മണ്ഡലത്തിലാണ് (83.05 ശതമാനം). കുറവ് തിരുവനന്തപുരത്ത് (73.45).
ഇലക്ട്രോണിക് യന്ത്രങ്ങള്‍ക്കെതിരേ വ്യാപകമായി പരാതിയുയര്‍ന്നു. തിരുവനന്തപുരത്തെ ചൊവ്വരയിലും ആലപ്പുഴയിലെ ചേര്‍ത്തലയിലും കൈപ്പത്തിയില്‍ അമര്‍ത്തുമ്പോള്‍ വോട്ട് താമരയ്ക്കു പോയെന്ന് ആക്ഷേപമുയര്‍ന്നു. മോക്ക് പോളിങ്ങിലാണു പ്രശ്നമുണ്ടായതെന്നും പകരം യന്ത്രമെത്തിച്ചു പരിഹരിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ടീക്കാ റാം മീണ അറിയിച്ചു.
പത്തനംതിട്ട അടൂര്‍ പഴകുളം ആലുംമൂട് യു.പി.എസില്‍ 843 പേര് വോട്ട് ചെയ്തെങ്കിലും യന്ത്രത്തില്‍ 820 വോട്ടേയുള്ളൂ എന്നു പരാതിയുണ്ട്. തിരുവനന്തപുരം പട്ടത്ത് വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരുള്ള സ്ലിപ്പ് വി.വി.പാറ്റ് മെഷീനില്‍ കണ്ടില്ലെന്നു പരാതിപ്പെട്ട എബിന് എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. പരാതിയില്‍ കഴമ്പില്ലെന്നു പരിശോധനാ വോട്ട് നടത്തി ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണു നടപടി. വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്നു മീണ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായതു തെരഞ്ഞെടുപ്പ് കമ്മിഷന് ഗൗരവമായി കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കുറ്റപ്പെടുത്തി. പരാതിപ്പെടുന്നവര്ക്കെതിരേ കേസെടുക്കുമെന്ന നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
ഉച്ചയ്ക്ക് ഒന്നിന് 36 ശതമാനത്തിലെത്തിയ പോളിങ് മൂന്നു മണിയോടെ 50 ശതമാനം കവിഞ്ഞു. പോളിങ് സമയം തീര്‍ന്ന വൈകിട്ട് ആറിനു വരിയിലുണ്ടായിരുന്ന എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ അവസരം നല്കി. ചിലയിടത്തു പോളിങ് രാത്രി പത്തരയോളം നീണ്ടു. ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജനം ആവേശത്തോടെ വോട്ട് ചെയ്യാനെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ 2014 ല്‍ 73.29 ശതമാനമായിരുന്നത് ഇക്കുറി 80 ശതമാനം പിന്നിട്ടു. കൊല്ലത്തും മലപ്പുറത്തും കള്ളവോട്ടു നടന്നതായി ആരോപണമുയര്‍ന്നു. അമ്പൂരി, എറണാകുളം, ആലപ്പുഴ, അരൂര്‍, എരമല്ലുര്‍, പള്ളിത്തോട്, കണിമംഗലം തുടങ്ങി പലയിടത്തും വോട്ടിങ് യന്ത്രം മാറ്റേണ്ടിവന്നു. മഴ പെയ്ത് ഈര്‍പ്പം തട്ടിയതുമൂലമാണു സാങ്കേതിക തകരാറെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കമ്മിഷന് വ്യക്തമാക്കി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനവും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനവുമായിരുന്നു സംസ്ഥാനത്തെ പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് 1989 ലായിരുന്നു (79.30 ശതമാനം).
മണ്ഡലങ്ങളും പോളിങ് ശതമാനവും
ബ്രാക്കറ്റില്‍ 2014 ലെ പോളിങ് ശതമാനം
തിരുവനന്തപുരം- 73.45 (68.64)
ആറ്റിങ്ങല്‍- 74.23 (68.69)
കൊല്ലം- 74.36 (72.12)
പത്തനംതിട്ട- 74.19 (65.84)
മാവേലിക്കര- 74.09 (71.01)
ആലപ്പുഴ- 80.09 (78.56)
കോട്ടയം- 75.29 (71.68)
ഇടുക്കി- 76.26 (70.80)
എറണാകുളം- 77.54 (73.59)
ചാലക്കുടി- 80.44 (76.95)
തൃശൂര്‍- 77.86 (72.21)
ആലത്തൂര്‍- 80.33 (76.36)
പാലക്കാട്- 77.67 (75.34)
പൊന്നാനി- 74.96 (73.92)
മലപ്പുറം- 75.43 (71.26)
കോഴിക്കോട്- 81.47 (79.81)
വയനാട്- 80.31 (73.26)
വടകര- 82.48 (81.45)
കണ്ണൂര്‍- 83.05 (81.17)
കാസര്‍ഗോഡ്- 80.57 (78.47)