പെരിന്തല്‍മണ്ണയില്‍ നിന്ന് ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് ശസ്ത്രക്രിയ നടത്തില്ല.

തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖം മൂലം അടിയന്തര ചികിത്സയ്ക്ക് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തില്ല. രക്ഷിതാക്കള്‍ അനുമതി നല്‍കാതിരുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയ വേണ്ടെന്ന് വച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ചികിത്സ തുടങ്ങിയവയെ കുറിച്ച് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ മാതാപിതാക്കള്‍ അനുമതി നല്‍കാതിരുന്നത്. കുഞ്ഞിനെ തിരികെ മലപ്പുറത്തെ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകാനാണ് സാധ്യത.

മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ് – ഇര്‍ഫാന ദമ്പതികളുടെ മകനെയാണ് ശ്രീചിത്രയില്‍ എത്തിച്ചത്.
വ്യാഴാഴ്ച അഞ്ച് മണിക്കൂര്‍ കൊണ്ടാണ് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് തിരുവനന്തപുരത്ത് പാഞ്ഞെത്തിയത്.
രാത്രി 10.38ഓടെയാണ് ശ്രീചിത്രയിലെത്തിയത്. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചതോടെ, പോലീസും പൊതുജനങ്ങളും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും കുഞ്ഞു ജീവന്‍ കാക്കാന്‍ ഒരു മനസോടെ ഒരുമിച്ചു. അഞ്ച് മണിക്കൂറുകൊണ്ടാണ് ആംബുലന്‍സ് എത്തിയത്.

ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തത്. കുഞ്ഞിനെ ശ്രീചിത്രയിലെ ഹൃദ്രോഗ വിദഗ്ധര്‍ പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം സങ്കീര്‍ണമായ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.