ഈ ഗർത്തം വൻ അപകടഭീഷണി, പരിഹരിക്കുന്നില്ലെന്ന് ആക്ഷേപം

കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിൽ കുറവൻകുഴിയിലെ റോഡിനോട് ചേർന്നുള്ള ഗർത്തം കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരു പോലെ അപകട ഭീഷണിയാകുന്നു. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന റോഡ് വീതി കൂട്ടി വളവ് നിവർത്തിയതിന്റെ ഭാഗമായി രൂപപ്പെട്ട ഗർത്തമാണിത്. സംസ്ഥാന പാതയിൽ നിരവധി അപകടങ്ങൾ നടക്കുകയും നിരവധി ജീവനുകൾ പൊലിയുകയും ചെയ്ത കാരേറ്റ് – തട്ടത്തുമല ഭാഗത്തായാണ് ഇതും നിലകൊള്ളുന്നത്.വർഷങ്ങൾക്ക് മുൻപ് രൂപപെട്ട ഈ ഗർത്തം നിരവധി തവണ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ റോഡ് വികസനം നടത്തിയിട്ടും പരിഹരിച്ചില്ലെന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്. വലിയ വാഹനങ്ങൾ ഏതെങ്കിലും വന്നാൽ കാൽ നടയാത്രക്കാരും, ഇരുചക്രവാഹനങ്ങളും ഈ ഗർത്തത്തിൽ പതിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. സമീപകാലത്ത് കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ റോഡ് അപകടം കുറയ്ക്കുന്നതിനും, റോഡ് സുരക്ഷയ്ക്കുമായി റോഡിൽ സിഗ് സാഗ് ഉൾപ്പെടെ ട്രാഫിക്ക് സിഗ്നലുകളും മറ്റും സ്ഥാപിച്ചങ്കിലും ഈ ഭാഗത്ത് അപകട സൂചന നൽകുന്ന ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൽ വലിയ ഒരു അപകടം ഒഴിവാക്കാൻ ഇവിടെ റിഫ്ലക്ട് ലൈറ്റുകളോ സുരക്ഷാ വേലിയോ സ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.