കിളിമാനൂരിൽ രാജാ രവിവർമയുടെ 172-ാമത്  ജന്മദിനാഘോഷം ആചരിച്ചു

കിളിമാനൂർ : രാജാ രവിവർമയുടെ 172–-ാമത്  ജന്മദിനാഘോഷം ജന്മനാടായ കിളിമാനൂർ വിപുലമായി ആചരിച്ചു. കിളിമാനൂർ കൊട്ടാരത്തിലും രാജാരവിവർമാ സാംസ്കാരികനിലയത്തിലും  ജന്മദിനാഘോഷത്തിന്റെ ഭാ​ഗമായി വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചു. രാവിലെ കിളിമാനൂർ കൊട്ടാരത്തിൽ രാജാരവിവർമാ സ്മ‍ൃതിമണ്ഡപത്തിൽ ബി സത്യൻ എംഎൽഎ പുഷ്പാർച്ചന നടത്തി. തുടർന്ന് സാംസ്കാരികനിലയത്തിൽ സംഘടിപ്പിച്ച ചിത്രമെഴുത്ത് കളരി ബി സത്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിത്രകലയ‌്ക്ക് സ്ഥിരം പരിശീലനം നൽകുന്ന പദ്ധതിക്ക് ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ തുടക്കമിടും.
സാംസ്കാരികനിലയവും ആർട്ട് ​ഗ്യാലറിയും സന്ദർശിക്കാനും ചിത്രരചനയ‌്ക്കും എത്തുന്നവർക്ക്  അടിസ്ഥാനസൗകര്യത്തിനായി അരക്കോടി ചെലവിൽ അമിനിറ്റി സെന്റർ നിർമിക്കുമെന്ന് എംഎൽഎ പറഞ്ഞു. രാജ്യത്തെ ഏറ്റവും നല്ല ചിത്രകാരന് നൽകുന്ന രാജാരവിവർമാ പുരസ്കാരദാന ചടങ്ങ് ഇനിമുതൽ ജന്മനാടായ കിളിമാനൂരിൽ സംഘടിപ്പിക്കും. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 9 കോടിയുടെ മാസ്റ്റർ പ്ലാൻ അനുമതി ലഭ്യമാകുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എംഎൽഎ അറിയിച്ചു.
കേരള ലളിതകലാ അക്കാദമിയാണ് ചടങ്ങ് ഒരുക്കിയത്. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷനായി. രാജാരവിവർമ അനുസ്മരണ പ്രഭാഷണം സാഹിത്യകാരൻ കിളിമാനൂർ ചന്ദ്രൻ നിർവ്വഹിച്ചു. കിളിമാനൂർ പഞ്ചായത്ത്  പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, വൈസ് പ്രസിഡന്റ് എ ദേവദാസ്, കെ ആർ രാമവർമ്മ, കിളിമാനൂർ ഷാജി തുടങ്ങിയവർ സംസാരിച്ചു.   കാരയ്ക്കാമണ്ഡപം വിജയകുമാർ സ്വാ​ഗതവും രാജാരവിവർമ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് എം ഷാജഹാൻ നന്ദിയും പറഞ്ഞു.  ചടങ്ങിന്റെ ഭാ​ഗമായി 50 കുട്ടികൾ പങ്കെടുത്ത ചിത്രകലാ കളരി നടന്നു. പ്രമുഖ ചിത്രകാരൻമാർ കളരിക്ക് നേത‍ൃത്വം നൽകി.