ഇവരുടെ സമരം കുടിവെള്ളത്തിന്….

കിളിമാനൂർ: കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പ് അധികൃതർ പാലിക്കാത്തതിനെ തുടർന്ന് കിളിമാനൂർ പഞ്ചായത്ത് അഞ്ചാം നമ്പർ വാർഡിലെ തോപ്പിൽ കോളനി നിവാസികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പട്ടികജാതി ഓഫിസിന് മുന്നിലാണ് ഇവർ സമരം ആരംഭിച്ചത്. പ്രദേശത്തെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള തോപ്പിൽ കോളനിയിൽ വേനൽക്കാലമെത്തും മുൻപ് തന്നെ കുടിവെള്ളക്ഷാമം അനുഭവപെടാറുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികൾ പഞ്ചായത്തിൽ പരാതി നൽകുകയും ഇതേ തുടർന്ന് പഞ്ചായത്തിൽ ഇവരെ വിളിച്ച് വരുത്തി പതിനഞ്ച് ദിവസത്തിനകം പ്രശ്നം പരിഹരിക്കും എന്ന് പ്രസിഡന്റ് എഴുതി നൽകുകയും ചെയ്തു. മാസങ്ങളായിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് കോളനിയിലെ അമ്പതോളം കുടുംബങ്ങൾ സമരരംഗത്ത് എത്തിയത്. കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുംവരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഇവർ അറിയിച്ചു.