മുത്തലാഖ് ബില്ലിൽ പാർലമെന്റിൽ കോൺഗ്രസ് ബി.ജെ.പിയുമായി ഒത്തുകളിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണൻ

മാണിക്കൽ : മുത്തലാഖ് ബില്ലിൽ പാർലമെന്റിൽ കോൺഗ്രസ് ബി.ജെ.പിയുമായി ഒത്തുകളിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആറ്റിങ്ങൽ ലോക് സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എ. സമ്പത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം വെമ്പായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തലാഖ് ബില്ല് വിവേചനപരമായതുകൊണ്ടാണ് പാർലമെന്റിൽ ഇടതുപക്ഷം എതിർത്തത്. ഈ ബില്ല് അനുസരിച്ച് വിവാഹബന്ധം വേർപ്പെടുത്തുന്ന മുസ്ലിം യുവാക്കൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഒരേ കുറ്റം വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ചെയ്താൽ ഒരേ നീതിയല്ലേ കൊടുക്കേണ്ടത്.

അതിനു പകരം മുസ്ലിങ്ങളോട് വിവേചനം കാട്ടുന്ന നിയമം കൊണ്ടുവന്നതുകൊണ്ടാണ് ഇടതുപക്ഷം ബില്ലിനെ എതിർത്തത്. എന്നാൽ കോൺഗ്രസ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ തയ്യാറാകാത്തതിന് പിന്നിൽ

കോൺഗ്രസ് – ബി.ജെ.പി ഒത്തുകളിയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.2002 ൽ ഗുജറാത്ത് വംശീയ ലഹളയിൽ 2000 ലധികം മുസ്ലിങ്ങൾ കൊല്ലപ്പെട്ടു. ഈ സംഭവത്തിൽ ആരോപണ വിധേയരായ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ ഒരു ചെറുവിരലനക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വർഗ്ഗീയ ശക്തികൾക്ക് വിളയാട്ടമില്ലാത്ത ഈ കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്ന ആർ.എസ്.എസിന്റെ തന്ത്രമാണ് ഒരു പ്രചാരകനെ പോലെ പ്രധാനമന്ത്രി നടത്തി കൊണ്ടിരിക്കുന്നത്. നാട്ടിലെ ഏറ്റവും ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഈ സർക്കാരിനെ അട്ടിമറിക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു