കെഎസ്ആർടിസി ബസ് ഡ്രൈവറെ തടഞ്ഞിട്ട് മർദ്ദിച്ചു

വെഞ്ഞാറമൂട്: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ട് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ എസ്. മധുവിനാണ് മർദ്ദനമേറ്റത്. വെള്ളനാട്ട് നിന്നും ആറ്റിങ്ങലിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ വരികയായിരുന്ന ആൾട്ടോ കാറിലെ ഡ്രൈവറാണ് മധുവിനെ മർദ്ദിച്ചത്. ഇന്നലെ പുലർച്ചെ 6.50ന് തൈക്കാട് ബൈപാസ് ജംഗ്ഷനിലായിരുന്നു സംഭവം. മുഖത്തും മുതുകിനും പരിക്കേറ്റ ഇയാളെ കന്യാകുളങ്ങര ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. തൈക്കാട് ജംഗ്ഷനിലെത്തിയപ്പോൾ ബസിനെ ഓവർടേക്ക് ചെയ്‌ത് കാർ കുറുകെ നിറുത്തിയ ശേഷം ബസ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കാറിൽ കയറി വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് പോയി. കെ.എസ്.ആർ.ടി.സി അധികൃതർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.