ഉപയോഗശൂന്യമായ ശൗചാലയം: ഈ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തുന്നവർക്ക് ദുരിതം

ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ശൗചാലയം ഉപയോഗശൂന്യമായിട്ട് മാസങ്ങൾ. യാത്രക്കാർക്കും ജീവനക്കാർക്കുമായുള്ള ശുചിമുറിയാണ് നവീകരണമില്ലാതെ നശിക്കുന്നത്.

2003-ൽ ജി.കാർത്തികേയന്റ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്നരലക്ഷം രൂപ വിനിയോഗിച്ചാണ് ശൗചാലയം നിർമിച്ചത്. ദുർഗന്ധം കാരണം ശൗചാലയത്തിനടുത്തു കൂടി പോലും പോകാനാകാത്ത സ്ഥിതിയാണിപ്പോൾ.

തറയോടുകൾ പൊട്ടിയിളകി. ബൾബുകളും ട്യൂബ് ലൈറ്റുകളും മാറ്റിയിട്ടില്ല. പൈപ്പുകളേറെയും പ്രവർത്തനമില്ലാതായി. വാതിൽ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കെട്ടിടത്തിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന ജലസംഭരണിചോർന്നൊലിക്കുകയാണ്.

ചുമരുകളിലെ സിമന്റ് പാളികൾ അടർന്നിരിക്കുകയാണ്. ശൗചാലയത്തിന്റെ വാതിലിന് മുൻഭാഗത്തായാണ് ബസ് ഒതുക്കിയിടുന്നത്. ആർക്കും അകത്തേക്ക് പോകാനാകത്ത രീതിയിലാണ് പലപ്പോഴും ഇവ കൊണ്ടിടുന്നത്.യാത്രക്കാരും ഡിപ്പോയിലെ ജീവനക്കാരുമാണ് ശൗചാലയത്തിന്റെ അഭാവം കാരണം ബുദ്ധിമുട്ടുന്നത്. ആര്യനാട്ട് കവലയിൽ പൊതുശൗചാലയങ്ങൾ ഒന്നും തന്നെ ഇല്ല. അടിയന്തര പരിഹാരമുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.