കാലങ്ങളായി ഈ ട്രാൻസ്‌പോർട്ട് ഡിപ്പോ ഇങ്ങനെ… എന്ന് മാറും ഈ ശനിദശ !

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോ കുണ്ടുംകുഴിയുമായിട്ട് രണ്ടുവർഷമായി. യാത്രക്കാരുടെ നട്ടെല്ലൊടിയുംവിധമാണ് ബസുകൾ കുഴികളിൽ വീഴുന്നത്. പ്രശ്നപരിഹാരമുണ്ടാക്കാൻ കെ.എസ്.ആർ.ടി.സി. അധികൃതർ തയ്യാറായിട്ടില്ല.

രണ്ടുവർഷം മുൻപ്‌ ചെറിയ കുഴി ആയപ്പോൾത്തന്നെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ ഇത്രയും വലിയ ഗതികേടാകില്ലായിരുന്നു.

ഒന്നരവർഷം മുൻപ്‌ ഡിപ്പോയ്ക്കകത്തെ റോഡ് മെറ്റലിടുന്നതിനായി കെ.എസ്.ആർ.ടി.സി. ഒരുലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചിരുന്നു. എന്നാൽ, മൈതാനംപോലെ കിടക്കുന്ന ഡിപ്പോ മുഴുവൻ മെറ്റലിടുന്നതിന്‌ ഈ തുക പോരെന്നുപറഞ്ഞ് കരാറുകാർ ആരും പണി ഏറ്റെടുത്തില്ല.

പിന്നീട് മഴയും വെള്ളപ്പൊക്കവും വന്നതോടെ റോഡ് വീണ്ടും കുഴിയായി. ഇപ്പോൾ ഡിപ്പോയിൽ കുഴിയില്ലാത്ത റോഡ് കണ്ടെത്താനാണ് പ്രയാസം. അത്രയ്ക്ക് ദയനീയ അവസ്ഥയാണ്.

മാനന്തവാടിവരെ പോകുന്ന ആയിരത്തിലധികം ബസുകളാണ് ഈ ഡിപ്പോയിൽ വന്നുപോകുന്നത്. ഈ ബസിലുള്ള മുഴുവൻ യാത്രക്കാരും ഡിപ്പോയിലെ കുഴിയുടെ ദുരിതം അനുഭവിക്കുകയാണ്. വലിയ കുഴിയിൽ വീഴുന്നത്‌ ബസുകളിലെ യാത്രക്കാരുടെ നടുവൊടിക്കുകയാണ്. രോഗങ്ങളുള്ളവർ വലിയ പ്രശ്നമാണ് നേരിടുന്നത്.

ചെറിയ മഴപെയ്താൽപ്പോലും കുഴികളിൽ വെള്ളം നിറഞ്ഞ് റോഡും കുഴിയും അറിയാൻ കഴിയാത്ത അവസ്ഥയാകും. കുഴിയിൽ ബസിന്റെ ചക്രങ്ങൾ വീഴുമ്പോൾ ബസ് കാത്തുനിൽക്കുന്ന ആൾക്കാരുടെ വസ്ത്രം മുഴുവൻ ചെളി തെറിക്കും. വെയിൽ കനത്താൽ വലിയ പൊടിശല്യവുമുണ്ടാകും.

ഓരോ മാസം കഴിയുമ്പോഴും ഡിപ്പോ പുതുക്കിപ്പണിയുന്നതിനുള്ള ബാധ്യത കൂടിവരുകയാണ്. ഇപ്പോൾ ഡിപ്പോ മുഴുവൻ നന്നായി ടാറിടുകയോ കോൺക്രീറ്റിടുകയോ ചെയ്യുന്നതിന് 20 ലക്ഷത്തിലധികം രൂപയാണ് ചെലവ് കണക്കാക്കുന്നത്. രണ്ടുവർഷം മുൻപ്‌ മൂന്നുലക്ഷം രൂപ മുടക്കിയാൽ പ്രശ്നപരിഹാരമാകുമായിരുന്നു.

യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിനുപുറമേ ദിവസവും ഈ കുഴികളിൽ വീഴുന്ന ബസുകൾക്ക് വലിയ പണി വരുന്നതായി ഡ്രൈവർമാരും പറയുന്നു.

യാത്രക്കാർ നേരിടുന്ന ഈ വലിയ പ്രശ്നം ചീഫ് ഓഫീസ് അധികൃതരെ ധരിപ്പിച്ചതായി വെഞ്ഞാറമൂട് ഡിപ്പോ അധികൃതർ പറഞ്ഞു