വീട്ടമ്മ മരിച്ച നിലയിൽ, കൊലപാതകം എന്ന് സംശയം..

വട്ടപ്പാറ :ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകം എന്ന് സംശയം. വട്ടപ്പാറ പന്നിയോട് വീട്ടിൽ സുശീല(62) ആണ് വീടുനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പന്നിയോട്ട് ഉള്ള വീട്ടിൽ ഒറ്റക്ക് ആയിരുന്നു താമസം. സുശീലയുടെ മകൻ കഴിഞ്ഞ ദിവസങ്ങളിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ വട്ടപ്പാറ പന്നിയോട് ഉള്ള വീട്ടിൽ എത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിൽ ആയിരുന്നു. വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വട്ടപ്പാറ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിൽ മുൻവശത്തെ ഡോർ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ ഒരു വശത്തെ ഡോർ കുത്തിപ്പൊളിച്ച് അകത്ത് കടന്ന പോലിസ് കണ്ടത് ജീർണ്ണിച്ച നിലയിലുള്ള സുശീലയുടെ മൃതദേഹമാണ്. എന്നാൽ റൂമിനകത്ത് മുളക് പൊടി വിതറിയ നിലയിലും. കഴുത്തിൽ കുരിക്ക് ഇട്ടതിന്റെ ചില മുറിവും കണ്ടെത്തി. തുടർന്ന് റൂറൽ എസ്.പിയുടെയും ആറ്റിങ്ങൽ ഡി.വൈ. എസ്. പിയുടെയും നേതൃത്വത്തിൽ പ്രിംഗർ പ്രിന്റ് വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധിച്ചതിൽ ഇത് ഒരു കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലെ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും അറിയുന്നു. മരിച്ച സുശീലയ്ക്ക് രണ്ട് മക്കളുണ്ടെങ്കിലും വിവാഹം കഴിച്ചു രണ്ടിടത്താണ് താമസം.