ഭൂമാഫിയകൾ പിടിച്ചടക്കുന്ന നെടുമങ്ങാട് പറണ്ടോട്

നെടുമങ്ങാട് :നെടുമങ്ങാട് നഗരത്തോടുചേര്‍ന്ന് ജലസാന്നിധ്യവും ജൈവികസമൃദ്ധിയും അധികമുള്ള പറണ്ടോട് മേഖല ഭൂമാഫിയകളുടെ പിടിയില്‍. മേഖലയിൽ നീർച്ചാലുകൾ നികത്തുന്നത‌് നിര്‍ബാധം തുടരുകയാണ‌്. വില്ലേജ് അധികാരിയുടെ അന്യായമായ അനുവാദവും നെടുമങ്ങാട് എസ്ഐയുടെ വഴിവിട്ട സഹകരണവുമാണ് നഗരത്തിലെ പ്രകൃതി സന്തുലിതാവസ്ഥ പാടേ തകര്‍ക്കുന്ന നടപടികള്‍ക്കു പിന്നിലെന്ന് പരക്കെ ആക്ഷേപമുണ്ട്.

ജനവാസം കൂടുതലുള്ള ഈ ഏലാ പ്രദേശത്തെ ഏക്കറുകണക്കിന് ഭൂമിയിന്ന് മണ്ണിനടിയിലാണ്. ശേഷിക്കുന്ന നീർച്ചാൽ പ്രദേശങ്ങളില്‍ക്കൂടി അതു വ്യാപിക്കുകയാണ്. വിശാലമായ കാക്കത്തോടിനാലും മറ്റനവധി കൈത്തോടുകളാലും സമ്പന്നമായ പ്രദേശമാണിത്. കൊടിയ വേനലിലും ജലലഭ്യതയുടെ നിറവുള്ള ഇടം. ഒരു കാലത്തെ വിശാലമായ വയലേല. നെല്ലുല്‍പ്പാദനം നിലച്ചെങ്കിലും ഏലാകളെ കൃഷിഭൂമിയായി ഉടമകള്‍ തുടര്‍ന്നും കരുതിപ്പോന്നു. അധികം ഭൂമിയും കര്‍ഷകരുടെ കൈവശമായിരുന്നു. കാലവിളകളും ഇടവിളകളുംകൊണ്ട് ഭൂമിയുടെ ജൈവിക സമ്പാദ്യം കര്‍ഷകര്‍ കാത്തുപോന്നു. ദീര്‍ഘകാല വിളകള്‍ക്ക് മണ്ണ് അനുയോജ്യമായിരുന്നിട്ടും കര്‍ഷകര്‍ അതിനു തുനിഞ്ഞില്ല. കാക്കത്തോടിനെ കരുതലോടെ സംരക്ഷിച്ചു. ഇതിന്റെ തണലിലായിരുന്നു ഈ അടുത്തുവരെ നെടുമങ്ങാട് നഗരം കടുത്ത വേനലിനെ അതിജീവിച്ചിരുന്നത്. നഗരത്തിലെ അനവധി സ്ഥാപനങ്ങളും മറ്റു വരള്‍ച്ചാ പ്രദേശവാസികളും ജലദൗര്‍ലഭ്യത പരിഹരിച്ചിരുന്നതും ഈ പ്രദേശത്തെ ആശ്രയിച്ചായിരുന്നു. എന്നാലിന്ന് ഇവിടം പാടെ വരണ്ടുപോയിരിക്കുന്നു. നീരുറവകള്‍ മണ്ണിനടിയില്‍പ്പെട്ട് വീര്‍പ്പുമുട്ടുന്നു. കാക്കത്തോട് ശുഷ്കിച്ച്, നീരൊഴുക്കറ്റ് മരണാസന്നനിലയിലാണ‌്. കര്‍ഷകരില്‍നിന്ന‌് ഭൂമാഫിയകള്‍ കൃഷിഭൂമി കൈക്കലാക്കിയതോടെയാണ് ഈ ദുരവസ്ഥയിലേയ്ക്ക് പ്രദേശം കൂപ്പുകുത്തിയത്. അധികാരികളുടെ കണ്‍മുന്നിലാണ‌് ഇത് യഥേഷ്ടം തുടരുന്നത‌്. പ്രദേശത്ത‌് ശേഷിച്ച ജലസാന്നിധ്യമേഖലകൂടി മണ്ണിട്ടു നികത്താനുള്ള പരിശ്രമം കഴിഞ്ഞ രണ്ടാഴ്ചയായി തുടരുകയാണ്. അരയേക്കറില്‍ അധികംവരുന്ന താഴ്ന്ന ഭൂമി മതിലു കെട്ടിത്തിരിച്ച് മണ്ണിട്ടു നികത്താനാണ് ശ്രമം.

കരിപ്പൂര് വില്ലേജ് അധികാരിയെ സ്വാധീനിച്ച് ഭവനനിര്‍മാണത്തിനെന്ന പേരില്‍ തുച്ഛമായ ഇടം നികത്താന്‍ അനുവാദം വാങ്ങി അതിന്റെ മറവില്‍ ഭൂമിയാകെ നികത്തി റോഡ‌് നിരപ്പിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മഞ്ച സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ ഭൂമി. ഇയാളുടെ നടപടിക്കെതിരെ പ്രദേശവാസികളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വില്ലേജ്, പൊലീസ് ഉദ്യാേഗസ്ഥരുടെ സഹായഹസ്തം പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യുകയാണ‌്. അവധിദിവസങ്ങളും അര്‍ധരാത്രിയുടെ മറവും ലാക്കാക്കിയാണ് നികത്തല്‍ നടപടി നടക്കുന്നത്. നെടുമങ്ങാട് എസ്ഐ ഷുക്കൂറിന്റെ സംരക്ഷണയിലാണ് പ്രവൃത്തി നടക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത‌്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പരിസരത്തെ പരിസ്ഥിതി സ്നേഹികള്‍ക്കിടയില്‍നിന്ന‌് ഉയരുന്നത്..