കരവാരത്ത് എൽ.ഡി.എഫ് റോഡ് ഷോയ്ക്ക് നേരെ അക്രമണം: 4 പേർക്ക് പരിക്ക്

കരവാരം : കരവാരം പഞ്ചായത്തിലെ കണ്ണാട്ടുകോണത്ത് എൽ.ഡി.എഫ് ബൈക്ക് റാലിക്ക് നേരെ അതിക്രമം. കല്ലേറിൽ 4 എൽ.ഡി.എഫ് പ്രവർത്തകർക്ക് പരിക്ക്. കരവാരം പഞ്ചായത്തിൽ എൽ.ഡി.എഫ് നടത്തിയ ബൈക്ക് റാലിക്കിടെയാണ് സംഭവം. എൽ ഡി.എഫ് പ്രവർത്തകർ നിരവധി ബൈക്കുകളിലായി കണ്ണാട്ടുകോണം വഴി നെല്ലിക്കുന്ന് ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് കോളനിയിൽ സ്വീകരണം നൽകാനായി തയ്യാറെടുപ്പ് നടത്തിയ ബി ജെ.പി പ്രവർത്തകർ ബൈക്ക് റാലി കണ്ട് വിറളി പിടിച്ച് തുരുതുരാ കല്ലെറിയുകയായിരുന്നെന്ന് എൽഡിഎഫ് ആരോപിച്ചു. കല്ലേറിൽ ബൈക്ക് മറിഞ്ഞ് നിലത്ത് വീണ എൽ.ഡി.എഫ് പ്രവർത്തകരെ ബി ജെ പി ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ചെന്നും പറയുന്നു. മർദ്ദനത്തിലും കല്ലേറിലും നൗഫൽ, ഷിജിൻ ലാൽ, അഖിൽ, അശ്വന്ത് എന്നീ എൽ.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഗുരുതര പരിക്കേറ്റ അഖിൽ, നൗഫൽ എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എൽ.ഡി.എഫ് ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. എൽ.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപിച്ച ബി.ജെ.പി ക്രിമിനൽ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി ബി സത്യൻ എം.എൽ.എ ആവശ്യപ്പെട്ടു.