മിന്നലേറ്റ് തെങ്ങ് കത്തി, തൊട്ടു പിറകെ പെയ്ത മഴ ഭീതി മാറ്റി

കിളിമാനൂർ : മിന്നലേറ്റ് തെങ്ങ് കത്തുന്നത് കണ്ട നാട്ടുകാർ ആകെ ഭയന്നു. കിളിമാനൂർ ചൂട്ടയിൽ അബ്ദുൽ ഖാദറിന്റെ ഒരേക്കറോളം വരുന്ന പുരയിടത്തിലെ തെങ്ങാണ് കത്തിയത്. ഇന്ന് വൈകുന്നേരം 5അര മണി കഴിഞ്ഞാണ് സംഭവം. അബ്ദുൽ ഖാദറിന്റെ പുരയിടത്തിൽ വീടുകൾ ഇല്ലെങ്കിലും മിന്നലേറ്റ് തെങ്ങ് കത്തുന്നത് കണ്ട സമീപ വാസികൾ ആകെ ഭയന്നു. ആദ്യമായാണ് ഇത്തരം ഒരു കാഴ്ച അവർ കാണുന്നത്. എന്നാൽ അവരുടെ ഭീതി മാറ്റി തൊട്ടു പിറകെ പെയ്ത മഴ തീ കെടുത്തി. തീ അണഞ്ഞത് കണ്ടപ്പോഴാണ് നാട്ടുകാർക്ക്‌ ശ്വാസം നേരെ വീണത്. എന്നാൽ മഴ പെയ്തില്ലായിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്ന് ഊഹിക്കാൻ പോലും കഴിയില്ല. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും മഴ തീ കെടുത്തിയതിനാൽ അഗ്നിശമന സേനയുടെ സേവനം വേണ്ടി വന്നില്ല.