രാഹുൽ ഗാന്ധിയെ കാണിച്ച് കേരളത്തിൽ തരംഗം സൃഷ്ടിക്കാമെന്ന‌് കോൺഗ്രസ‌് മനക്കോട്ട കെട്ടുകയാണെന്ന‌് എം എ ബേബി

വർക്കല: രാഹുൽ ഗാന്ധിയെ കാണിച്ച് കേരളത്തിൽ തരംഗം സൃഷ്ടിക്കാമെന്ന‌് കോൺഗ്രസ‌് മനക്കോട്ട കെട്ടുകയാണെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ജില്ലയിൽ എൽഡിഎഫിന്റെ വിവിധ തെരഞ്ഞെടുപ്പ‌് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു എം എ ബേബി. രാഹുൽ 2014ൽ ഉത്തർപ്രദേശിൽ സൃഷ്ടിച്ച തരംഗത്തിൽ കോൺഗ്രസിന് കിട്ടിയത് രണ്ട് സീറ്റാണെന്ന് കേരളത്തിലെ കോൺഗ്രസ് മറക്കരുത‌്. യുപിഎ സർക്കാരിന്റെ അഴിമതിക്കെതിരെ പൊള്ളവാഗ്ദാനം നൽകി അധികാരത്തിലെത്തിയ ബിജെപി ഒന്നും നടപ്പാക്കിയില്ല. രാജ്യത്തെ വർഗീയതയിലൂടെ ഭീതിയിലാഴ്ത്തിയ അഞ്ച് വർഷമാണ് കടന്നുപോയത്. സാംസ്കാരിക പ്രവർത്തകർക്കും സാഹിത്യകാരൻമാർക്കും വധശിക്ഷ വിധിച്ച സംഘപരിവാർ ഭീകരതയുടെ അഴിഞ്ഞാട്ടമാണ് രാജ്യത്ത് നടമാടിയത്. അഭയാർഥികൾക്ക് ജാതി നോക്കി പൗരത്വം നൽകുന്ന ഭയാനകമായ സാഹചര്യമാണ് മോഡി രാജ്യത്ത‌് സൃഷ്ടിച്ചത‌്. ബിജെപി തീവ്ര വർഗീയത നടപ്പാക്കുമ്പോൾ കോൺഗ്രസ് മൃദു വർഗീയനിലപാടാണ് സ്വീകരിക്കുന്നത്. ലോകസഭയിൽ ഇടതുപക്ഷം നിർണായക സ്വാധീനമാകുന്ന തെരഞ്ഞെടുപ്പാണിതെന്നും എം എ ബേബി പറഞ്ഞു.

വർക്കല അയിരൂർ തൊടിയിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംവാദം എം എ ബേബി ഉദ‌്ഘാടനം ചെയ‌്തു. ടി ജയൻ അധ്യക്ഷനായി. വി ജോയി എംഎൽഎ, ബി പി മുരളി, വി രഞ്ജിത്ത്, എസ് ഷാജഹാൻ, എസ് രാജീവ് എന്നിവർ സംസാരിച്ചു. ശ്രീധരൻ കുമാർ സ്വാഗതം പറഞ്ഞു.