കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍, മമ്മൂട്ടിയും….

കേരള രാഷ്ട്രീയത്തിലെ അതികായനായ കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. മമ്മൂട്ടിയും, രഞ്ജി പണിക്കരും , ധനകാര്യമന്ത്രി തോമസ് ഐസക്കും, കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയും അടക്കമുള്ള വിഐപികളും സാധാരണക്കാരും അടക്കം പതിനായിരങ്ങളാണ് പാലായിലെ കെ.എം മാണിയുടെ വസതിയിലേയ്ക്ക് ഒഴുകിയെത്തിയത്.
മുന്‍ നിശ്ചയിച്ചതിലും പന്ത്രണ്ട് മണിക്കൂറെങ്കിലും വൈകി വ്യാഴാഴ്ച പുലര്‍ച്ചെ മാത്രമാണ് കെ.എം മാണിയുടെ ഭൗതിക ദേഹം കോട്ടയത്തെ പൊതുദര്‍ശനം അവസാനിപ്പിച്ച് പാലായിലെ വീട്ടിലേയ്ക്ക് എത്തിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ വരെ പാലാക്കാര്‍ കെ.എം മാണിയുടെ വസതിയില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും, അന്തിമ ഉപചാരം അര്‍പ്പിക്കാനുമായിരുന്നു ആ സാധാരണക്കാരുടെ കാത്തു നില്‍പ്പ്. രാവിലെ മുതല്‍ തന്നെ കെ.എം മാണിയുടെ വസതിയിലേയ്ക്ക് ആളുകളുടെ ഒഴുക്കായിരുന്നു. തുടര്‍ന്ന്
വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെ എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം പുറത്തിറക്കി, വിലാപയാത്ര ആരംഭിക്കണമെന്ന തീരുമാനം വൈകി പത്തു മണിയ്ക്കാണ് ആരംഭിക്കാനായത്. കെ.എം മാണി സാറിനെ അവസാനമായി ഒരു നോക്കു കാണാന്‍ കേരള രാഷ്ട്രീയത്തെ അടുത്തറിയുന്ന നൂറുകണക്കിന് ആളുകളാണ് ലേക്ക് ഷോര്‍ ആശുപത്രിയിലേയ്ക്ക് ഒഴുകിയെത്തിയത്. ഇവിടെ നിന്നും പ്രത്യേകം തയ്യാറാക്കിയ കെ.എസ്ആര്‍ടിസി ബസിലായിരുന്നു വിലാപ യാത്ര. ഓരോ ജംഗ്ഷനിലും വീട്ടമ്മമാരും, കുട്ടികളും അടക്കമുള്ളവര്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ കാത്തു നിന്നു. മുന്‍ നിശ്ചയിച്ചതില്‍ നിന്നു വ്യത്യസ്തമായി പല സ്ഥലത്തും വാഹനം നിര്‍ത്തി പൊതുദര്‍ശനം ക്രമീകരിക്കേണ്ടി വന്നു. ഇതോടെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കോട്ടയത്ത് എത്തിച്ചേരുമെന്നു പ്രതീക്ഷിച്ചിരുന്ന വിലാപ യാത്ര രാത്രി രണ്ടരയോടെയാണ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് തിരുനക്കരയിലും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ഇവിടെ നിന്ന് മണര്‍കാട്, അയര്‍ക്കുന്നം വഴി മൃതദേഹം ഇദ്ദേഹത്തിന്റെ ജന്മനാട്ടില്‍ എത്തിച്ചു. ഇവിടെ പതിനായിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തിരുന്നത്. തുടര്‍ന്ന് പുലര്‍ച്ചെയോടെ പാലായിലെ വസതിയല്‍ മൃതദേഹം എത്തിച്ചു.