ഒരു കുടുംബത്തിലെ 4 പെൺമക്കളും നാടിന്റെ നൊമ്പരം… ഇവരുടെ ജീവിതം ഇങ്ങനെ !

മണമ്പൂരിൽ :ഇത് അപൂർവമായ നിർധന കുടുംബം. ഇവിടെ പെൺമക്കൾ ഓരോ വശത്ത് ഓരോ ഭാവത്തിൽ ഇരിക്കുന്നതാണ് കാഴ്ച.

മണമ്പൂർ പഞ്ചായത്തിൽ മുളയിൽകോണം പുത്തൻവീട്ടിൽ അനിത – പ്രഭാകരൻ ദമ്പതികളുടെ 3 പെണ്മക്കളായ 31 വയസുള്ള ലിസി, 29 വയസ്സുള്ള ലീന, 27 വയസ്സുള്ള റീനയും അനിതയുടെ സഹോദരൻ സുന്ദരന്റെയും സരസുവിന്റേയും മകൾ 35 വയസ്സുകാരി സുനിതയുമാണ് നാടിന്റെ നൊമ്പരം. സഹോദരൻ സുന്ദരൻ മരിച്ചിട്ട് വർഷങ്ങളായി. തൊട്ടടുത്ത വീടുകളിലാണ് ഇരു കുടുംബവും താമസിക്കുന്നത്. ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച ഇവർക്ക് ഇടയ്ക്ക് ഇടയ്ക്ക് ജെന്നിയും വന്ന് പിടിക്കും. ഈ ലോകവുമായി ഇവർക്ക് ഒരു ബന്ധവുമില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിക്കുന്ന കുടുംബങ്ങൾക്ക് തുണയാകുന്നത് നല്ലവരായ നാട്ടുകാർ.

3 പെൺമക്കളും ഈ ഒരു അവസ്ഥയിൽ ആയത് കൊണ്ടു തന്നെ അമ്മ അനിത എപ്പോഴും മക്കളുടെ കൂടെയാണ്. അച്ഛൻ പ്രഭാകരൻ കൂലി വേലയ്ക്ക് പോകും. എന്നാൽ സരസു ഒരു മകളെ അനിതയുടെ അടുത്ത് ഏല്പിച്ചിട്ട് തൊഴിലുറപ്പ് പണിക്ക് പോകും. അങ്ങനെയാണ് അവരുടെ കുടുംബങ്ങളിൽ ചെലവു നടന്നു പോകുന്നത്.

പല സംഘടനകളും നാട്ടുകാരും ഇടയ്ക്ക് ഇടയ്ക്ക് ഇവരെ സഹായിക്കാൻ എത്തുമെങ്കിലും സ്ഥിരമായ ഒരു സഹായം ഇവർക്കില്ല. ജീവിതം വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ട് നീങ്ങുന്നത്. അനിതയുടെ ആദ്യത്തെ 2 കുട്ടികളുടെ കാലത്തും സ്കാനിംഗും മറ്റു സംവിധാനങ്ങളും ഇല്ലായിരുന്നു. എന്നാൽ മൂന്നാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കുമ്പോൾ സ്കാൻ ചെയ്യുകയും കുട്ടിയുടെ അവസ്ഥ വിശദീകരിച്ച ഡോക്ടർ അബോർഷൻ നടത്താൻ അനിതയോട് പറയുകയും ചെയ്തു. എന്നാൽ തന്റെ ഉദരത്തിൽ വളർന്ന ജീവനെ കൊല്ലാൻ അനിത തയ്യാറായില്ല. രണ്ടു മക്കളെ നോക്കുന്ന താൻ മൂന്നാമത്തെയും നോക്കിക്കൊള്ളാം എന്ന ലോകത്തിന് മാതൃകയാകുന്ന വാക്കുകളാണ് അനിത പറഞ്ഞത്. ഇന്ന് കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലുന്നവരും ദേഷ്യം സഹിക്കാതെ കുഞ്ഞിനെ അടിച്ചു കൊല്ലുന്നവരും അധികരിക്കുമ്പോൾ അനിത എന്ന അമ്മ എല്ലാവർക്കും ഒരു മാതൃകയാണ്. തൊണ്ട ഇടർച്ചയോടെയല്ലാതെ അനിതയ്ക്ക് മക്കളുടെ കാര്യം സംസാരിക്കാനാകില്ല. കണ്ണീരോടെ പറയുന്ന കാര്യങ്ങൾ പൂർത്തിക്കാൻ പോലും അവർക്ക് കഴിയില്ല. പ്രായമായ പെണ്മക്കൾ ഇങ്ങനെ വീട്ടിലുള്ളപ്പോൾ ആ അമ്മയുടെ ഹൃദയം എങ്ങനെ തേങ്ങാതിരിക്കും.

ഇവിടെ ഇവർക്ക് വേണ്ടത് സഹതാപ വാക്കുകളല്ല. സഹായ ഹസ്തങ്ങളാണ്. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി കല്ലമ്പലം ആയാംകോണത്ത് പ്രവർത്തിക്കുന്ന ഹയാത്ത് റെസ്റ്റാറന്റ് & റോയൽ ബേക്കറി ഇനി മുതൽ ഇവർക്ക് 2 നേരത്തെ ആഹാരം നൽകാമെന്ന് അറിയിച്ചു. വിഷു ദിനത്തിൽ ആഹാരം നൽകി പദ്ധതിക്ക് ഹോട്ടൽ ഉടമ തുടക്കം കുറിച്ചു. നന്മ മരിക്കാത്ത മനുഷ്യത്വം കാട്ടിയ ആ മനുഷ്യന് പേരും പ്രശസ്തിയും വേണ്ട എന്നാൽ ഇങ്ങനെ താൻ ചെയ്‌തെന്ന് അറിഞ്ഞ് മറ്റുള്ളവരും ചെയ്താൽ അതിൽ കൂടുതൽ വലിയ പുണ്യം കിട്ടാനില്ലല്ലോ എന്നാണ് ഹോട്ടൽ ഉടമ പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെ ഭകഷണപ്പൊതി നൽകി ഇനി തന്റെ മരണം വരെ താൻ ഇവർക്ക് ഭക്ഷണം നൽകുമെന്ന് പറഞ്ഞ ഹോട്ടൽ ഉടമയ്ക്ക് നേരെ വീട്ടുകാർ കൈക്കൂപ്പി നിന്നു. ഇനിയും ഇവർക്ക് സഹായങ്ങൾ എത്തണം. എങ്കിൽ മാത്രമേ അവരുടെ ആശുപത്രി ചെലവും മറ്റു കാര്യങ്ങളും നടന്നു നീങ്ങു. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് പെൺമക്കളും വീട്ടകാരും ഇവിടെ കാത്തിരിപ്പാണ്.

അനിത
ഫോൺ :9895019955
ബാങ്ക് : ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക്
അക്കൗണ്ട് നമ്പർ : 020481200430510
ഐ. എഫ്. എസ്‌. സി : IBKL0046T01