മണനാക്കിൽ യുവാവിനെ വെട്ടി പണം തട്ടിയ സംഭവം : പോലീസ് കേസെടുത്തു

കടയ്ക്കാവൂർ: മണനാക്കിൽ പെരുംകുളം സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പണം തട്ടിയെടുത്തതായി പരാതി. അപകടത്തിൽ നഷ്ടപരിഹാരമായി ലഭിച്ച അറുപതിനായിരം രൂപയാണ് തട്ടിയെടുത്തതത്രെ. തലയ്ക്ക് വെട്ടേറ്റ പെരുംകുളം സ്വദേശി വർഗീസ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

കടയ്ക്കാവൂരിനടുത്ത് മണനാക്കിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. പെരുംകുളത്തുള്ള വീട്ടിലേക്കു പോകാനായി ആറ്റിങ്ങലിൽനിന്ന്‌ ഓട്ടോറിക്ഷയിൽ കയറിയ വർഗീസ് മണനാക്കിലിറങ്ങി. അല്പദൂരം കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പിന്നാലെയെത്തിയ നാലുപേർ വടിവാളുകൊണ്ട് തലയ്ക്ക് വെട്ടി കൈയിലുണ്ടായിരുന്ന അറുപതിനായിരം രൂപ തട്ടിയെടുത്തതായാണ് വർഗീസ് പോലീസിനു കൊടുത്ത മൊഴി.

വെട്ടേറ്റുകിടന്ന വർഗീസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമിച്ചവരെ അറിയുമെന്നും അപകട ഇൻഷുറൻസ് തുക കൈയിലുണ്ടെന്ന് മനസ്സിലാക്കിയവരാണ് തന്നെ ആക്രമിച്ചതെന്നുമാണ് വർഗീസ് പോലീസിനോടു പറഞ്ഞത്‌.

വീട്ടിലേക്കു വരുന്നതിന് മുമ്പ് ആറ്റിങ്ങലിൽ ചില സുഹൃത്തുക്കളെ കാണുകയും അല്പനേരം അവരുമായി ചെലവിടുകയും ചെയ്തിരുന്നു. വർഗീസിന്റെ പരാതിയിൽ കടയ്ക്കാവൂർ പോലീസ് വെള്ളിയാഴ്ച കേസെടുത്തു. അഞ്ചുതെങ്ങ് സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. മറ്റുള്ളവരെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.