മണ്ണൂർക്കര വില്ലേജ് ഓഫീസ് തകർച്ചയിൽ…

കുറ്റിച്ചൽ : കുറ്റിച്ചൽ മണ്ണൂർക്കര വില്ലേജ് ഓഫീസിൽ എത്തുന്നവർ പേടിച്ചാണ് ഓരോ നിമിഷവും ഇവിടെ തങ്ങുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ജീർണിച്ച കെട്ടിടം എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. സ്വന്തമായി സ്ഥലം ഉണ്ടായിട്ടും കാലഹരണപ്പെട്ട ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ആരും തയാറാകുന്നില്ല. സ്വന്തമായി ഒരു കെട്ടിടം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അഗസ്ത്യാർകൂടം മലനിരകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ നിർണായകമായ രേഖകളാണ് ഇവിടെ സൂക്ഷിക്കുന്നത്. മഴക്കാലമായാൽ കെട്ടിടം ചോർന്നൊലിക്കും. രേഖകൾ പലതും നനയാതെ സൂക്ഷിക്കാൻ വളരെ പാടുപെടുകയാണ് ഇവിടുത്തെ ജീവനക്കാർ. മഴയിൽ ചോർന്നൊലിക്കുന്ന ഓഫീസിൽ നിന്നും പല രേഖകളും നശിച്ചുപോയതായും പരാതിയുണ്ട്.

തിരഞ്ഞെടുപ്പുകാലത്ത് നാട്ടുകാർക്ക് നൽകുന്ന പ്രധാന വാഗ്ദാനമാണ് വില്ലേജ് ഓഫീസ് വളപ്പിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുമെന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇതെല്ലാം വിസ്മൃതിയിലാകും.

പരുത്തിപ്പള്ളി സർക്കാർ ഹയർസെക്കൻഡറി സ്കൂളിനടുത്തുള്ള വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി കാട് മൂടിയ നിലയിലാണ്. ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലത്ത് കെട്ടിടം പണിതാൽ നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്ക് ഉപയോഗിക്കാനാകും. കൂടാതെ വർഷങ്ങൾ പഴക്കമുള്ള മണ്ണൂർക്കര വില്ലേജ് ഓഫീസിനും കെട്ടിടമാകും. പഞ്ചായത്തിൽ കെട്ടിടം ഇല്ലാത്തതിനാൽ പ്രവർത്തിക്കാൻ കഴിയാത്ത സർക്കാർ ഓഫീസുകളും ഇവിടേക്ക് കൊണ്ടുവരാനും കഴിയും. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഒന്നും നടപ്പായിട്ടില്ല.

കുറ്റിച്ചൽ വില്ലേജോഫീസ് വളപ്പിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിലൂടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ ഒരിടത്താക്കാനും സാധിക്കും. കുറ്റിച്ചലിൽ മിനി സിവിൽ സ്റ്റേഷനും റസ്റ്റ് ഹൗസും നിർമ്മിക്കുന്നതിനായി പത്ത് വർഷം മുൻപ് പദ്ധതി തയാറാക്കിയെങ്കിലും തുടർ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.