മുടപുരം യു.പി സ്കൂൾ ഹെഡ്മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

ചിറയിൻകീഴ് : സർവീസിൽ നിന്ന് വിരമിച്ച മുടപുരം ഗവ. യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഡി. സുചിത്രനെ സ്നേഹോപഹാരങ്ങൾ നൽകി വിദ്യാർത്ഥികൾ യാത്രയാക്കി. തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവയാണ് അവർ പ്രഥമാദ്ധ്യാപകന് സമ്മാനമായി നല്കിയത്. പലരും പേനകളും പുസ്തകങ്ങളും കൊടുത്തപ്പോൾ ചിലർ അലങ്കാര മത്സ്യങ്ങൾ നല്കി. മിഠായികളും ബൊക്കെയും മറ്റു കൗതുക വസ്തുക്കളും കുറേപ്പേർ സമ്മാനിച്ചു. ഹൃദയസ്പർശിയായ കത്തുകളും ആശംസകളും സമ്മാനമായി നൽകിയവയുടെ കൂട്ടത്തിലുണ്ടായിരുന്നു. പി.ടി.എയും സഹപ്രവർത്തകരും നൽകിയ മൊമന്റോയും പൊന്നാടയും ഉപഹാരങ്ങളും യാത്രയയപ്പും സാധാരണ ഗതിയിൽ ഉണ്ടായിരുന്നെങ്കിലും സ്നേഹനിധികളായ കുട്ടികളുടെ ഇത്തരമൊരു വിടവാങ്ങൽ താൻ പ്രതീക്ഷിച്ചില്ലെന്നും തനിക്ക് ലഭിച്ച വിലപ്പെട്ട അംഗീകാരമായി ഇത് കാണുന്നുവെന്നും പടിയിറങ്ങിയ ഹെഡ്മാസ്റ്റർ നന്ദിയോടെ പറഞ്ഞു.