വർക്കലയിൽ എസ‌്എഫ‌്ഐ ഏരിയ സെക്രട്ടറിക്കു നേരെ വധശ്രമം നടന്നതായി പരാതി

വർക്കല: തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനിടെ എസ‌്എഫ‌്ഐ ഏരിയ സെക്രട്ടറിക്കുനേരെ വധശ്രമം നടന്നതായി പരാതി. എസ്എഫ്ഐ വർക്കല ഏരിയ സെക്രട്ടറി നൗഫലിനുനേരെയാണ‌് ആക്രമണം നടന്നത‌്.

എൽഡിഎഫ‌്  ബൂത്ത്തല സ്ക്വാഡ്‌ പ്രവർത്തനം കഴിഞ്ഞ്, വർക്കലയിൽ നടന്ന മുഖ്യമന്ത്രിയുടെ പൊതുയോഗത്തിൽ പങ്കെടുക്കാൻ വരുന്നതിനിടെയായിരുന്നത്രെ ആക്രമണം. ഇടവ പഞ്ചായത്ത് ഓഫീസിന് മുൻപിൽവച്ച‌് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പറയുന്നു. തലയ‌്ക്കും തോളെല്ലിനും പരിക്കേറ്റ നൗഫലിനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ഐസിയുവിൽ ചികിത്സയിലാണ‌് നൗഫൽ. എന്നാൽ പ്രദേശത്തെ ഒരു സ്വകാര്യ ബസ് കുട്ടികൾക്ക് എസ് ടി നൽകാത്തതിനെത്തുടർന്ന് നൗഫൽ അവർക്കുവേണ്ടി വാദിക്കുകയും ബസ്സ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തതായി ആരോപണമുണ്ട്. അതിൻറെ തുടർക്കഥയാണോ നൗഫലിനെ നേരെയുണ്ടായ ആക്രമണമെന്നും സംശയമുണ്ട്.

സംഭവത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടൻ പിടികൂടണമെന്ന‌് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അഭിജിത്തും സെക്രട്ടറി റിയാസ് വഹാബും ആവശ്യപ്പെട്ടു.