ആനയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു: വീടുകൾ അടിച്ചു തകർത്ത്‌ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം

പാലോട് :ഉത്സവത്തിനിടെ ആനയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർക്കാൻ രാത്രിയിൽ അക്രമികൾ വീടുകൾ അടിച്ചു തകർത്തു. നന്ദിയോട് ആലംപാറ ഊളൻകുന്നിൽ അനിൽകുമാർ,രാജേന്ദ്രൻ, രതീഷ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.വിഷുദിനത്തിൽ ആണ് സംഭവം. രണ്ടു ബൈക്കുകളിൽ മാരകായുധങ്ങളുമായി എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. രതീഷിന്റെ വീടിന്റെ വാതിൽ വെട്ടിപൊളിച്ച സംഘം അനികുമാറിന്റെയും രാജേന്ദ്രന്റെയും വീടുകളുടെ ജനൽ അടിച്ചു തകർത്തു. അനിൽകുമാറിന്റെ ബൈക്കും അക്രമികൾ നശിപ്പിച്ചു. നന്ദിയോട് സ്വദേശി മനുവിന്റെ നേതൃത്വത്തിൽ ആണ് ആക്രമണം നടന്നതെന്നും കേസ് എടുത്ത് അനേഷണം ആരംഭിച്ചുവെന്നും പാലോട് സി.ഐ ഷിബുകുമാർ പറഞ്ഞു.

ഉച്ചയോടെ ഞാറനീലി സ്വദേശിയായ ഒരു സുഹൃത്തുമായെത്തി ബൈക്ക് വെട്ടി നശിപ്പിച്ചശേഷം കടന്നു കളഞ്ഞ പ്രതിയുടെ കൂടെ മറ്റ് സുഹൃത്തുക്കളെയും കൊണ്ട് രാത്രി വീടുകൾക്ക് നേരെ ആക്രമണം നടത്തിയതത്രെ. അപ്രതീക്ഷിതമായി ഉണ്ടായ അക്രമണത്തിൽ വീട്ടുക്കാർ ഭയന്നു. കഴിഞ്ഞ ദിവസം കുടവനാട് ക്ഷേത്രത്തിൽ ഘോഷയാത്രക്കിടെ അക്രമി സംഘം ആനയുടെ വാലിൽ പിടിച്ചു ശല്യപ്പെടുത്തിയത് ബിജെപി പ്രവത്തകനായ അനിൽകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് വീട് അക്രമത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പിന്നിൽ കഞ്ചാവ് വില്പന സംഘങ്ങൾ ആണെന്ന് നാട്ടുകാർ ആരോപിച്ചു.