നാവായിക്കുളത്ത് 72ാം നമ്പർ ബൂത്തായ കുടവൂർ വില്ലേജ് ഓഫീസ് ജീർണാവസ്ഥയിൽ

നാവായിക്കുളം : വോട്ട് രേഖപ്പെടുത്തേണ്ട പോളിംഗ് ബൂത്ത് ജീർണാവസ്ഥയിലായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതി.
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 11, 8 എന്നീ വാർഡുകളിലുള്ളവർക്ക് വോട്ടിടാനുള്ള 72ാം നമ്പർ ബൂത്തായ നാവായിക്കുളം കുടവൂർ വില്ലേജ് ഓഫീസാണ് ജീർണാവസ്ഥയിലുള്ളത്.

നിലവിൽ പൊട്ടിയടർന്ന സീലിംഗുകൾ അടർന്നു വീഴുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് നിരവധിപേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിലും, നിയമസഭാ ഇലക്ഷനിലും വില്ലേജോഫീസ് ബൂത്തായി പ്രവർത്തിച്ചിരുന്നു. അന്ന് കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. വേനൽ മഴയിൽ കോൺക്രീറ്റ് പാളികൾ അടർന്നു വീഴാൻ സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാൽ വോട്ടിംഗിനായെത്തുന്നവർക്ക് പരിക്കേൽക്കുമെന്നതിൽ സംശയമില്ല. 1997 ൽ ആണ് കുടവൂർ വില്ലേജാഫീസിന് സ്വന്തമായി കെട്ടിടമുണ്ടാകുന്നത്. കമ്പികൾ തുരുമ്പെടുത്ത് സീലിംഗ് പൊട്ടി അടർന്നതോടെ മഴയത്ത് ചോരാനും തുടങ്ങി. ഫയലുകളും വിലപ്പെട്ട രേഖകളും നശിക്കാതിരിക്കാൻ ജീവനക്കാർ നന്നെ പാടുപെടുന്നുണ്ട്. വില്ലേജാഫീസിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്നാവശ്യവും, ബൂത്ത് മറ്റേതെങ്കിലും കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യവും ഒരുപോലെ നിലനിൽക്കുമ്പോഴും അധികൃതർ മൗനത്തിലാണ്.