എട്ടു കിലോമീറ്റർ ചുറ്റളവിൽ ദീപാലങ്കാരം, വർണ്ണ വിസ്മയം കാഴ്ച്ചക്കാർക്ക് അത്ഭുതം

വർക്കല: നെടുങ്ങണ്ട വിടുതി ഉലകുടയപെരുമാൾ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പുത്തൻചന്ത മുതൽ കായിക്കര വരെയും ക്ഷേത്രപരിസരത്തുമായി എട്ടു കിലോമീറ്റർ ചുറ്റളവിൽ തീർത്ത വൈദ്യുതദീപാലങ്കാര കാഴ്ച കാണാൻ ജനത്തിരക്കേറി.ക്ഷേത്രത്തിലും റോഡിനിരുവശവും ടി.എസ്. കനാലിന്റെ തീരങ്ങളിലുമാണ് വിവിധ വർണങ്ങളിൽ ദീപക്കാഴ്ചയൊരുക്കിയിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ ദീപാലങ്കാര മത്സരം പുത്തൻചന്ത മുതൽ കയറാഫീസ്, കയറാഫീസ് മുതൽ വിളബ്ഭാഗം, വിളബ്ഭാഗം മുതൽ ദൈവത്തുംവാതുക്കൽ, ക്ഷേത്രവും പരിസരവും, ദൈവത്തുംവാതുക്കൽ മുതൽ കായിക്കര എന്നിങ്ങനെ അഞ്ച് മേഖലകളായി തിരിച്ചാണ് ഒരുക്കിയിരിക്കുന്നത്. റോഡിനിരുവശവും ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുത അലങ്കാരമാണ് ഒരുക്കിയിരിക്കുന്നത്. 14 കൂറ്റൻ ടവറുകൾ, 110 ചെറിയ ടവറുകൾ, 500 കാർട്ടൂണുകൾ, 25 ലക്ഷത്തോളം ലൂമിനകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ അഞ്ച് പ്രശസ്ത ലൈറ്റ് ആൻഡ് സൗണ്ട്‌സുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് 6.30 മുതൽ രാത്രി 12.30 വരെ ദീപാലങ്കാരം. ഇന്ന് രാത്രി നടക്കുന്ന രാപ്പടയോടെ ക്ഷേത്രാത്സവം സമാപിക്കും.