ഇനി വോട്ടിങ് തീരുന്നത് വരെ സംസ്ഥാനത്ത് എവിടെയും മദ്യം ലഭിക്കില്ല.

ഈസ്റ്റർ ദിനമായ ഇന്ന് മദ്യം ലഭിക്കാത്തതിന് പുറമെ വോട്ടിങ് തീരുന്നത് വരെ സംസ്ഥാനത്ത് എവിടെയും മദ്യം ലഭിക്കില്ല.

അനധികൃത മദ്യവിൽപ്പന തടയാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണം എന്നാണ് എക്സൈസ് വകുപ്പിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെണ്ണൽ തീരുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ മദ്യനിരോധനം ഏർപ്പെടുത്തണം എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം.

ഈസ്റ്റർ ദിനമായതിനാൽ ഇന്ന് സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന ശാലകളും അവധിയിലാണ്. ഇതിന് പുറമെ ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി വരെ മദ്യം വിൽക്കുന്നതിനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷനും എതിർത്തിരിക്കുന്നത്.

വോട്ടെടുപ്പ് നീണ്ടുപോകാനുള്ള സാധ്യത കൂടി പരിഗണിച്ച് ചൊവ്വാഴ്ച മദ്യ വിൽപ്പന ശാലകൾ തുറക്കില്ല. ഏതെങ്കിലും ബൂത്തിൽ വോട്ടെടുപ്പ് നീട്ടിവയ്ക്കുകയാണെങ്കിൽ ഈ ദിവസം ആ മണ്ഡലത്തിലും മദ്യം ലഭിക്കില്ല.

അതേസമയം മദ്യം വലിയ തോതിൽ വാങ്ങി ശേഖരിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിട്ടുള്ളതാണ്. അതിനാൽ തന്നെ അടുത്ത മണിക്കൂറുകളിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ശക്തമായ നിരീക്ഷണം നടത്തും. വോട്ടെടുപ്പിന് പുറമെ വോട്ടെണ്ണുന്ന മെയ് 23 ന് രാജ്യത്തെവിടെയും മദ്യം വിൽക്കില്ല.