വെള്ളവും വെളിച്ചവുമില്ല, തകർന്നടിഞ്ഞ റോഡും – ഇവിടെയും ജനങ്ങളുണ്ട് !

പള്ളിക്കൽ : പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കദലിപ്പച്ച ഗ്രാമത്തിലെ അവസ്ഥയാണിത്. തീർത്തും പരിതാപകരമാണ് ഗ്രാമത്തിന്റെ അവസ്ഥയെങ്കിലും അധികൃതർക്ക് ഇളക്കമൊന്നുമില്ല. ഇവിടേക്കുള്ള റോഡിന്റെ അവസ്ഥ പരമദയനീയമാണ്. പൊട്ടിപ്പൊളിഞ്ഞ് ഇരുവശവും കാടുമൂടിയ റോഡിലൂടെ നടക്കാൻ ആൾക്കാർക്ക് പേടിയാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് മടുത്തു. കുടിവെള്ള ക്ഷാമമാണ് മറ്റൊരുപ്രധാന പ്രശ്നം. പ്രദേശത്തെ കിണറുകളും, തോടുകളും, നീർച്ചാലുകളും വറ്റി വരണ്ടു.വീടുകളിലേക്ക് പൈപ്പ് കണക്ഷൻ നൽകിയിട്ടില്ലെങ്കിലും പൊതു ടാപ്പുകൾ നിരവധിയുണ്ട് . പക്ഷേ,ഇതിലൂടെ വെള്ളം വന്നിട്ട് ദിവസങ്ങളായെന്ന് ഗ്രാമ വാസികൾ പറയുന്നു. കുറച്ചകലെയുള്ള പാറ ക്വാറിയാണ് ജനങ്ങളുടെ ആശ്രയം. ക്വാറിയിൽ കെട്ടികിടക്കുന്ന വെള്ളമാണ് കുളിക്കാനും നനയ്ക്കാനും ഉപയോഗിക്കുന്നത്.

കന്നാസുകളിലും ബക്കറ്റുകളിലും ക്വാറിയിൽ നിന്ന് വെള്ളം ശേഖരിച്ച് ഇരുചക്രവാഹനങ്ങളിലും തലച്ചുമടായും കൊണ്ടുപോകുന്നത് പതിവുകാഴ്ചയാണ്. കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പഞ്ഞിട്ടും പഞ്ചായത്ത്‌ ഇനിയും ബദൽ സംവിധാനങ്ങൾ കൈക്കൊണ്ടിട്ടല്ല. മുൻ വർഷങ്ങളിൽ വേനൽ കടുക്കുമ്പോൾ പഞ്ചായത്ത്‌ അധികൃതർ ടാങ്കറിൽ വെള്ളമെത്തിച്ച് പ്രദേശത്ത് വിതരണം ചെയ്യുമായിരുന്നു. ഇത്തവണ അതുമുണ്ടായില്ല. ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ പല പദ്ധതികളും വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങതായാണ് പ്രദേശവാസികൾ പറയുന്നത്.