വിദ്യാർത്ഥികൾ ഒത്തുകൂടി, പാപനാശം വൃത്തിയാക്കി

വർക്കല: പാപനാശം ബീച്ച് ശുചീകരിച്ച് നഴ്‌സിങ് കോളേജിലെയും കളരിസംഘത്തിലെയും വിദ്യാർഥികൾ. വർക്കല എസ്.എൻ. നഴ്‌സിങ് കോളേജിലെ വിദ്യാർഥികൾ ആലിയിറക്കം മുതൽ പാപനാശം വരെയുള്ള തീരത്തെ മാലിന്യങ്ങൾ നീക്കി. പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ, മദ്യക്കുപ്പികൾ എന്നിവയാണ് നീക്കിയത്.

79 നഴ്‌സിങ് വിദ്യാർഥികൾ സംഘങ്ങളായി തിരിഞ്ഞാണ് മാലിന്യങ്ങൾ ശേഖരിച്ചത്. കണ്ടുനിന്നവരും ഇവർക്കൊപ്പം ശുചീകരണത്തിൽ പങ്കാളികളായി. മദ്യക്കുപ്പികളായിരുന്നു ശേഖരിച്ചതിൽ അധികവും. 160 വലിയ ബാഗുകളിലായി മാലിന്യങ്ങൾ ശേഖരിച്ചു. ഏകദേശം 2400 കിലോഗ്രാം മാലിന്യം ശേഖരിച്ചതായി ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകിയ ശിവഗിരി എസ്.എൻ.മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോ.നിഷാദ് പറഞ്ഞു. മാലിന്യം നഗരസഭക്ക് കൈമാറി.

വർക്കല മുണ്ടയിൽ സുദർശന കളരിസംഘത്തിലെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് വർക്കല പാപനാശം തീരം ശുചീകരിച്ചു. കടൽതീരത്ത് ഉപേക്ഷിച്ച പ്ലാസ്റ്റിക് സാധനങ്ങൾ, ചപ്പുചവറുകൾ എന്നിവ ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളിൽ എത്തിച്ചു. നളൻ ഗുരുക്കൾ, വെങ്കിടാചല ഗുരുക്കൾ, കലാസംവിധായകൻ ഹരി എന്നിവർ നേതൃത്വം നൽകി.